
സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ ജോലി നഷ്ടമായവർക്ക് വീണ്ടും ജോലി കണ്ടെത്താൻ സഹായിക്കാൻ ഖത്തർ ഓൺലൈൻ സംവിധാനം തുടങ്ങി. ഭരണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ കീഴിലാണ്പുതിയ ഓൺലൈൻ പോർട്ടൽ പ്രവർത്തനം തുടങ്ങിയത്.
ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ചാണ് പദ്ധതി. പ്രാദേശിക വിപണിയിൽ ജോലി നഷ്ടമായവർക്ക് ഇത് ഏറെ ആശ്വാസമാണ്. https://www.qatarchamber.com/qcemployment/ എന്ന വെബ് അഡ്രസിലൂടെ ജോലി നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികൾക്ക് വീണ്ടും ജോലിക്ക് അപേക്ഷ സമർപ്പിക്കാനാകും.
ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം അപേക്ഷ സമർപ്പിക്കുന്നതോടെയാണ് നടപടികൾ ആരംഭിക്കുക. തൊഴിൽ മന്ത്രാലയത്തിലെത്തുന്ന അപേക്ഷകൾ അധികൃതർ പരിശോധിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. തൊഴിൽ മന്ത്രാലയത്തിന്റെയും ഖത്തർ ചേംബറിന്റെയും ആഭിമുഖ്യത്തിലുള്ള സംയുക്ത സമിതിയുടെ യോഗത്തിലാണ് രാജ്യത്തെ സ്വകാര്യ മേഖലക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യംവെച്ച് ഓൺലൈൻ സൗകര്യം തുടങ്ങാൻ തീരുമാനിച്ചത്.
ഖത്തർ ചേംബർ വെബ്സൈറ്റ് വഴിയുള്ള ഓൺലൈൻ പോർട്ടലിലൂടെ തൊഴിലാളികളെ പിരിച്ചുവിട്ട കമ്പനികൾക്ക് ജോലിയിൽനിന്നും പിരിച്ചുവിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകൾ ചേർക്കുന്നതിനുള്ള സൗകര്യവും ഖത്തർ ചേംബർ ഒരുക്കിയിട്ടുണ്ട്.
ഖത്തർ ചേംബറിന്റെ വെബ്സൈറ്റ് വഴി തൊഴിലാളികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മറ്റു കമ്പനികൾക്ക് ജോലി മാറുന്നതിനും ഈ ഓൺലൈൻ പോർട്ടലിൽ സൗകര്യമുണ്ട്. തൊഴിൽ നഷ്ടപ്പെട്ട് പ്രതിസന്ധിയിലാകുകയും മാനസികമായി പ്രയാസത്തിലാവുകയും ചെയ്ത വിദഗ്ധ തൊഴിലാളികൾക്ക് ഇത് ആശ്വാസമാകും.
രാജ്യത്തെ കമ്പനികൾക്ക് ആവശ്യമായ തൊഴിലാളികളെ തെരഞ്ഞെടുക്കാനും റിക്രൂട്ട് ചെയ്യാനുമുള്ള അവസരവും ഖത്തർ ചേംബർ ഇതിലൂടെ ലക്ഷ്യമിടുന്നു.കോവിഡ് പ്രതിസന്ധിയിലും രാജ്യത്തെ വ്യാപാര പ്രവർത്തനങ്ങൾ തുടരാനും സ്വകാര്യ മേഖലയെ സഹായിക്കാനും പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ പദ്ധതികളിലെ തൊഴിലാളിക്ഷാമം പരിഹരിക്കാനും പുതിയ ഓൺലൈൻ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല