1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2020

സ്വന്തം ലേഖകൻ: തൊഴിലാളികളുടേയും തൊഴിലുടമകളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മൂന്നു നിയന്ത്രണങ്ങളോടെയാണ് തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍. തൊഴില്‍ മാറ്റത്തിന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുളള പുതിയ ഭേദഗതികളുമായി ബന്ധപ്പെട്ട് തൊഴില്‍ മാറ്റത്തിന് വിജ്ഞാപനം, മത്സര രഹിതം, നഷ്ടപരിഹാരം എന്നിങ്ങനെ 3 നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ തൊഴില്‍ കാര്യ വിഭാഗം അസി. അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഒബെയ്ദലി പറഞ്ഞു.

തൊഴില്‍ നിയമത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ഖത്തര്‍ ചേംബറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. മിനിമം വേതനം, തൊഴില്‍ മാറ്റം, സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികള്‍, മന്ത്രാലയത്തിന്റെ കാര്യക്ഷമത എന്നിവയെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്. ഖത്തര്‍ ചേംബറിലേയും മന്ത്രാലയത്തിലേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത കമ്മിറ്റി രൂപീകരിക്കാനും ധാരണയായി.

കമ്പനികളുടെ വിലക്ക്, സ്വകാര്യ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുകയാണ് കമ്മിറ്റിയുടെ ചുമതല. വാണിജ്യ റജിസ്റ്റര്‍ സംബന്ധിച്ച ലംഘനത്തിന്, പ്രത്യേകിച്ചും വേതനം വൈകിച്ചാല്‍ മാത്രമേ കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയുള്ളു എന്നതാണ് മന്ത്രാലയത്തിന്റെ തീരുമാനം. പുതിയ തൊഴില്‍ വ്യവസ്ഥകള്‍ രാജ്യത്തിന്റെ തൊഴില്‍ വിപണി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്നും യോഗത്തില്‍ വിലയിരുത്തി.

കഴിഞ്ഞ ദിവസമാണ് തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഇല്ലാതെ തൊഴില്‍ മാറ്റത്തിന് അനുമതി, മിനിമം വേതനം 1,000 റിയാല്‍ (ഭക്ഷണവും താമസവും നല്‍കുന്നില്ലെങ്കില്‍ 1,800 റിയാല്‍) എന്നിവ വ്യവസ്ഥ ചെയ്തു കൊണ്ടുള്ള പുതിയ തൊഴില്‍ നിയമങ്ങളില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചത്. 6 മാസത്തിന് ശേഷമാണ് നിയമങ്ങള്‍ പ്രാബല്യത്തിലാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.