1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2015

സ്വന്തം ലേഖകന്‍: ഖത്തറില്‍ പിരിച്ചുവിടല്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജോലി നഷ്ടമായത്. എണ്ണ, പ്രകൃതി വാതക മേഖലയിലെ വിവിധ കമ്പനികളാണ് വ്യാപകമായി ജീവനക്കാരെ പിരിച്ചു വിടുന്നത്.

ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചു വിടല്‍ നോട്ടീസ് കൈപ്പറ്റിയത്.
ഖത്തറില്‍ ഏറ്റവും മികച്ച വേതനവും മറ്റാനുകൂല്യങ്ങളും നല്‍കി വന്നിരുന്ന ഖത്തര്‍ പെട്രോളിയം ഉള്‍പ്പെടെയുള്ള എണ്ണ മേഖലയിലെ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള തീരുമാനിച്ചതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്.

കഴിഞ്ഞ ആഴ്ചകളിലായി ഇങ്ങനെ ജോലി നഷ്ടപ്പെട്ടവരില്‍ നിരവധി മലയാളികളുമുണ്ട്. ആഗോള തലത്തില്‍ എണ്ണവില ഇടിഞ്ഞതാണ് നടപടിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമീപ ഭാവിയില്‍ വില കൂടാനുള്ള സാധ്യതയില്ലെന്ന റിപ്പോര്‍ട്ടും ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചിട്ടുണ്ട്.

ജീവനക്കാരുടെ എണ്ണം കുറക്കുന്നതോടൊപ്പം കൂടുതല്‍ ജോലികള്‍ പുറം കരാര്‍ നല്‍കാനും കമ്പനികള്‍ ഒരുങ്ങുന്നതായാണ് സൂചന. പ്രധാനമായും ടെക്‌നിക്കല്‍ വിഭാഗത്തിലും അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലും ജോലി ചെയ്യുന്നവരാണ് പിരിച്ചുവിടല്‍ നടപടിക്ക് വിധേയരാകുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമായേക്കും എന്നാണ് സൂചന.

മാസങ്ങള്‍ക്കു മുമ്പേ ചില കമ്പനികള്‍ പുതിയ നിയമനങ്ങള്‍ നിര്‍ത്തി വച്ചിരുന്നു. ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ചെറു കമ്പനികളെ ലയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എണ്ണ ഉത്പാദന മേഖലയിലെ കമ്പനികള്‍ ചെലവു ചുരുക്കല്‍ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ ഖത്തറിലെ മലയാളികളടക്കമുള്ള പ്രവാസി സമൂഹം ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.