1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2020

സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് പ്രവാസി മലയാളികളുടെ വിവാഹ വേദിയായി പേര് നേടിയ ദോഹയിൽ വിവാഹ റജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ വിവിധ നടപടിക്രമങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയിലെ പ്രയാസങ്ങളെ തുടർന്നാണ് മിക്കവരും ദോഹയിൽ തന്നെ വിവാഹം നടത്തുന്നത്. ദോഹയിൽ വിവാഹം നടത്തുമ്പോൾ ഇന്ത്യൻ എംബസിയിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. എംബസി സേവനങ്ങൾക്ക് മുൻകൂർ അനുമതിയും തേടണം.

വിവാഹിതരാകുന്ന വധൂവരൻമാർക്ക് ഖത്തറിൽ താമസാനുമതി രേഖ ഉണ്ടായിരിക്കണം. ഇരുവരും ബാച്‌ലർ ആണെന്നതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇരുവരുടേയും സ്വദേശങ്ങളിലെ കോടതിയിലെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അല്ലെങ്കിൽ തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. ഈ സർട്ടിഫിക്കറ്റ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ അറ്റസ്റ്റ് ചെയ്ത ശേഷം വേണം ഹാജരാക്കാൻ.

വധുവിന്റെയും വരന്റെയും സ്വദേശങ്ങളിലുള്ള പ്രാദേശിക പത്രങ്ങളിലും ഖത്തറിലെ പ്രാദേശിക പത്രത്തിലും വിവാഹം സംബന്ധിച്ച പരസ്യം നൽകണം. (ഇന്ത്യൻ എംബസിയുടെ വിശദാംശങ്ങൾ വച്ചുള്ള പ്രത്യേക പരസ്യ ഫോർമാറ്റ് ഉണ്ട്. ഇത് പത്ര ഓഫിസിൽ നിന്ന് തന്നെ ലഭിക്കും). വധുവും വരനും പ്രത്യേകമായി തന്നെ പരസ്യം കൊടുക്കണം. ഇരുവരുടെയും പാസ്‌പോർട്ടിലെ വിലാസം എവിടെയാണോ ആ പ്രദേശത്തെ പത്രത്തിലാണ് പരസ്യം നൽകേണ്ടത്.

ഖത്തറിലെ പ്രാദേശിക പത്രത്തിൽ പരസ്യം നൽകണമെങ്കിൽ ഇന്ത്യൻ എംബസിയിൽ നിന്നുളള നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനായി എംബസിയിൽ പ്രത്യേക അപേക്ഷ നൽകണം. നാട്ടിലേയും ഖത്തറിലേയും പത്രപരസ്യങ്ങളുടെ ഒറിജിനൽ വേണം ഹാജരാക്കാൻ.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ അറ്റസ്റ്റ് ചെയ്ത ബാച്‌ലർ സർട്ടിഫിക്കറ്റ്, പത്ര പരസ്യം, മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖകൾ, ഇരുവരുടെയും 8 ഫോട്ടോ, ഖത്തർ ഐഡി-പാസ്പോർട്ട് പകർപ്പുകൾ എന്നിവ സഹിതം വിവാഹം റജിസ്റ്റർ ചെയ്യാൻ എംബസിയിൽ അപേക്ഷ നൽകാം. അപേക്ഷ ലഭിക്കുന്നതോടെ അധികൃതർ എംബസി നോട്ടിസ് ബോർഡിൽ വിവാഹ നോട്ടിസ് പതിക്കും. എതിർപ്പ് ഇല്ലെങ്കിൽ ഒരുമാസത്തിന് ശേഷം വിവാഹം റജിസ്റ്റർ ചെയ്യാം.

ഒരു മാസത്തിന് ശേഷം എംബസി നൽകുന്ന തീയതിയിൽ വധുവും വരനും 3 സാക്ഷികളുമായെത്തി വിവാഹം റജിസ്റ്റർ ചെയ്യാം. സാക്ഷികൾ ഇന്ത്യൻ പൗരന്മാരായിരിക്കണം. ഖത്തർ റസിഡന്റ് ഐഡിയുള്ളവർ ആയിരിക്കണം. സാക്ഷികളുടെ പാസ്പോർട്ട്, ഖത്തർ ഐഡി പകർപ്പുകൾ എന്നിവ നേരത്തെ തന്നെ എംബസിക്ക് നൽകണം. ഇവരുടെ പേരിൽ യാത്രാവിലക്കുകളോ മറ്റ് കേസുകളോ ഉണ്ടോയെന്ന് പരിശോധിക്കാനാണിത്. റജിസ്‌ട്രേഷൻ പൂർത്തിയായാൽ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://bit.ly/3iL31kR. https://www.indianembassyqatar.gov.in/get-appointment എന്ന ലിങ്കിൽ മുൻകൂർ അനുമതി തേടാനും സൌകര്യമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.