
സ്വന്തം ലേഖകൻ: ഖത്തറില്‍ കൊവിഡ് 19 വാക്‌സീനേഷന്റെ ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ എടുക്കേണ്ടവരുടെ പ്രായപരിധി എഴുപതില്‍ നിന്നും 65 ആക്കി കുറച്ചു. കുത്തിവയ്പ് എടുക്കാനായി പുതിയ ബുക്കിങ് സൗകര്യവും ആരംഭിച്ചു. ഡിസംബര്‍ 23 മുതല്‍ രാജ്യത്ത് ആദ്യ ഘട്ട കുത്തിവയ്പ് പുരോഗമിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും അധികൃതര്‍ ഫോണിലൂടെയും എസ്എംഎസ് മുഖേനയും നേരിട്ടാണ് വാക്‌സീന്‍ സ്വീകരിക്കാന്‍ ക്ഷണിക്കുന്നത്.
ഇതുവരെ അധികൃതരുടെ അറിയിപ്പ് ലഭിക്കാത്ത 65 ഉം അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 4027 7077 എന്ന ഹോട്‌ലൈന്‍ നമ്പറില്‍ വിളിച്ച് കുത്തിവയ്പിനായി ബുക്ക് ചെയ്യാം. വാക്‌സിനേഷന്റെ ആദ്യ ഘട്ടം ജനുവരി 31 വരെയാണ്. മുന്‍കൂര്‍ അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി കുത്തിവയ്പ് നല്‍കുന്നത്. അലര്‍ജിയില്ലാത്ത, 16 വയസ്സിന് മുകളിലുളളവര്‍ക്ക് മാത്രമാണ് വിവിധ ഘട്ടങ്ങളിലായി വാക്‌സീന്‍ നല്‍കുക. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായാണ് വാക്‌സീന്‍ നല്‍കുന്നത്. കൊവിഡ് വാക്‌സീന്‍ സ്വീകരിക്കല്‍ രാജ്യത്ത് നിര്‍ബന്ധിതമല്ല.
ഫൈസര്‍-ബയോടെക് കൊവിഡ്-19 വാക്‌സീന്‍ ആണ് രാജ്യത്ത് വിതരണം തുടങ്ങിയത്. ക്യാംപെയ്‌ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ധാരാളം പേര്‍ കുത്തിവയ്പ് എടുക്കാന്‍ അനുമതി തേടി വിളിക്കുന്നുണ്ട്. ആദ്യ ഡോസ് നല്‍കി 10 ദിവസം പിന്നിടുമ്പോഴും കുത്തിവയ്പ് എടുത്തവര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ല. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന നേരിയ പനി, ക്ഷീണം, കുത്തിവയ്പ് എടുത്ത സ്ഥലത്ത് ചെറിയ തടിപ്പ്, വേദന തുടങ്ങിയ നിസ്സാര പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
ണ്ടു ഡോസ് വാക്‌സീനില്‍ ആദ്യ ഡോസ് സ്വീകരിച്ച് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുന്നത്. എല്ലാ ആരോഗ്യപ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞ ശേഷമാണ് ഓരോ വ്യക്തികള്‍ക്കും വാക്‌സീന്‍ നല്‍കുന്നതും. വാക്‌സീന്‍ എടുത്ത് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും അധികൃതരുടെ ഫോണ്‍ വിളിയെത്തും. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോയെന്നറിയാന്‍. കൃത്യമായ ദിവസങ്ങളില്‍ അധികൃതര്‍ ഫോണിലൂടെ ആരോഗ്യവിവരങ്ങള്‍ തേടുന്നുണ്ടെന്നും പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍ അഭിനന്ദനാര്‍ഹമാണെന്നും വാക്‌സീന്‍ സ്വീകരിച്ചവര്‍ വെളിപ്പെടുത്തി.
ഘട്ടം ഘട്ടമായാണ് രാജ്യത്ത് വാക്‌സീന്‍ നല്‍കുന്നത്. അതാത് ഘട്ടങ്ങളില്‍ ഊഴമനുസരിച്ച് അര്‍ഹരായവര്‍ക്കെല്ലാം വാക്‌സീന്‍ നല്‍കും. വേനല്‍ക്കാലമെത്തുന്നതോടെ 75 ശതമാനം ജനങ്ങള്‍ക്കും വാക്‌സീന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അധികം താമസിയാതെ അടുത്ത ഘട്ട വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ മേധാവി ഡോ.സോഹ അല്‍ ബയാത് പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ പേരും കൊവിഡ് മുന്‍കരുതല്‍ തുടരണം. വാക്‌സീന്‍ ആദ്യ ഡോസ് എടുത്തവരും മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, കൈകള്‍ വൃത്തിയായി സൂക്ഷിക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്താന്‍ പാടില്ല. കൊവിഡ് വാക്‌സീന്‍ സംബന്ധിച്ച ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരുന്നതിനാല്‍ ഇതുസംബന്ധിച്ച ശാസ്ത്രീയ വിവരങ്ങള്‍ കൂടുതല്‍ ലഭിക്കുന്നത് വരെ പൊതുജനങ്ങള്‍ ക്ഷമയോടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല