1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2022

സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് ബാധിതരുടെ നിര്‍ബന്ധിത ഐസൊലേഷന്‍ കാലാവധി കുറയ്ക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഏഴ് ദിവസമാണ് പുതിയ ഐസൊലേഷന്‍ കാലയളവ്. നേരത്തേ 10 ദിവസമായിരുന്നതാണ് ഇപ്പോള്‍ ഏഴായി കുറച്ചിരിക്കുന്നത്. മെഡിക്കല്‍ ലീവും 10ല്‍ നിന്ന് ഏഴു ദിവസമാക്കി കുറച്ചിട്ടുണ്ട്. ഏതെങ്കിലും അംഗീകൃത മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്ന് നടത്തിയ കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ഫലം ലഭിക്കുകയും ഇതേത്തുടര്‍ന്ന് ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് ചുവപ്പ് നിറത്തിലേക്ക് മാറുകയും ചെയ്യുന്നതോടെ ഏഴ് ദിവസത്തെ രോഗാവധിക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കോവിഡ് പോസിറ്റീവായ ഭൂരിപക്ഷം പേര്‍ക്കും ഏഴ് ദിവസത്തിനകം തന്നെ രോഗം ഭേദമാകുന്നതായി കണ്ടെത്തിയതോടെയാണ് ഐസൊലേഷന്‍ കാലാവധി കുറച്ചത്. എന്നു മാത്രമല്ല, ഇവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇവര്‍ പോസിറ്റീവായതിന്റെ ഏഴാം ദിവസം ഏതെങ്കിലും അംഗീകൃത മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്ന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. ഇത് നെഗറ്റീവ് ആയാല്‍ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് തിരികെ വരും. ഇവര്‍ക്ക് എട്ടാം ദിവസം മുതല്‍ ജോലിക്ക് ഹാജറാവാം.

അതേസമയം, ആന്റിജന്‍ ടെസ്റ്റ് ഫലം പോസിറ്റീവ് ആയാല്‍ മൂന്ന് ദിവസം കൂടി ഐസൊലേഷനില്‍ തുടരണം. അതിന് ശേഷം ടെസ്റ്റ് ചെയ്യാതെ തന്നെ പുറത്തിറങ്ങാം. അവര്‍ക്ക് ബാക്കി മൂന്നു ദിവസത്തേക്കു കൂടി രോഗാവധി അനുവദിക്കും. പതിനൊന്നാമത്തെ ദിവസം അവര്‍ക്ക് ജോലിക്ക് ഹാജരമാവാം. ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവര്‍ക്ക് വീണ്ടും ഏഴു ദിവസത്തേക്ക് കൂടി ലീവ് അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ഐസൊലേഷന്‍ അവസാനിപ്പിച്ച് പുറത്തിറങ്ങുന്നവര്‍ സാധാരണ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, ഖത്തറില്‍ 2,748 പേര്‍ക്കു കൂടി തിങ്കളാഴ്ച കോവിഡ് ബോധ സ്ഥിരീകരിച്ചു. ഇതില്‍ 2,297 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത്. 451 പേര്‍ യാത്രക്കാരാണ്. ഇതോടെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 36,293 ആയി. ഇന്നലെ രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 636 ആയി. കഴിഞ്ഞ ദിവസം 4,083 പേരാണ് രോഗ മുക്തി നേടിയത്. രാജ്യത്ത് ഇതിനകം 5,621,332 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 642,417 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ, രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് അറുനൂറിലേറെ പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.