1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2021

സ്വന്തം ലേഖകൻ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കോവിഡ്-19 റെഡ് ലിസ്​റ്റിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി. ചില രാജ്യങ്ങളെ ഗ്രീൻ ലിസ്​റ്റിൽനിന്നും യെല്ലോ ലിസ്​റ്റിൽനിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തോത് കണക്കാക്കി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ ലിസ്​റ്റിൽ 21 രാജ്യങ്ങളാണ് ഗ്രീൻ ലിസ്​റ്റിലുള്ളത്.

32 രാജ്യങ്ങളെ യെല്ലോ ലിസ്​റ്റിലും 152 രാജ്യങ്ങളെ റെഡ് ലിസ്​റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 58 രാജ്യങ്ങളാണ് പുതുതായി റെഡ് ലിസ്​റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. നേര​േത്ത ഇത് 94 രാജ്യങ്ങളായിരുന്നു. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്​താൻ, ശ്രീലങ്ക, ഫിലിപ്പീൻസ്​ എന്നീ ആറു രാജ്യങ്ങ​െള റെഡ്, ഗ്രീൻ, യെല്ലോ ലിസ്​റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ യാത്രാനയം പ്രകാരം തിങ്കളാഴ്​ച മുതൽ ഈ ആറു രാജ്യങ്ങളിൽനിന്നുള്ളവർ ഖത്തറിലെത്തുമ്പോൾ ക്വാറൻറീൻ നിർബന്ധമാണ്​. ഖത്തറിൽനിന്ന് വാക്സിനെടുത്തവരാണെങ്കിൽ രണ്ടു ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ വ്യവസ്​ഥ പാലിച്ചിരിക്കണം. രണ്ടാം ദിവസം പരിശോധനയിൽ നെഗറ്റിവ് ഫലം കാണിച്ചാൽ ക്വാറൻറീൻ അവസാനിപ്പിച്ച് പുറത്തിറങ്ങാം. ഈ ആറു രാജ്യങ്ങളിൽനിന്നുള്ള മറ്റു യാത്രക്കാരെല്ലാം നിർബന്ധമായും 10 ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ വ്യവസ്​ഥകൾ പാലിച്ചിരിക്കണം.

അതിനിടെ കോവിഡ്​ വാക്​സിൻ എടുക്കാൻ ഇനിയും കാത്തിരിക്കുന്നവർക്ക്​ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ രോഗതീവ്രത കൂടിയ വകഭേദങ്ങൾ റിപ്പോർട്ട്​ ചെയ്യു​േമ്പാൾ ഇനിയും വാക്​സിൻ സ്വീകരിക്കാൻ കാത്തിരിക്കരുതെന്നാണ്​ മന്ത്രാലയത്തിെൻറ സന്ദേശം. മുഴുവൻ ആളുകളും ഉടൻ വാക്സിനെടുക്കാൻ ശ്രമിക്കണമെന്നും കൂടുതൽ പേർ വാക്സിനെടുക്കുന്നത് കോവിഡിനെതിരായ പോരാട്ടം വിജയത്തിലെത്തിക്കുന്നതിൽ നിർണായകമാകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കോവിഡിൻറ പുതിയ വകഭേദങ്ങൾ കൂടുതൽ അപകടകാരികളും വേഗത്തിൽ പടരാൻ സാധ്യതയുള്ളതാണെന്നും മുന്നറിയിപ്പ് നൽകിയ അധികൃതർ, വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിൻ നടപടികൾ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളിലുള്ള നാലാം ഘട്ട ഇളവുകള്‍ സപ്തംബറില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനി വ്യക്തമാക്കി. അതും അപ്പോഴത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് മാത്രമേ പ്രഖ്യാപിക്കൂ എന്നും അദ്ദേഹം അറിയിച്ചു.

നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം നാലാംഘട്ട ഇളവുകള്‍ ജൂലൈ 30നായിരുന്നു തുടങ്ങേണ്ടിയിരുന്നതെങ്കിലും ആ സമയത്ത് കൊവിഡ് കേസുകളിലെ വര്‍ധനവാണ് തീരുമാനം മാറ്റാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഇതുപ്രകാരം മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഓഗസ്റ്റ് മാസത്തിലും തുടരാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

രാജ്യത്തെ 12 വയസ്സിന് മുകളിലുള്ള 85 ശതമാനത്തിലധികം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചുവെന്ന് പറയാനാവില്ല. അതിനാല്‍ വാക്‌സിനേഷന്‍ കൂടുതല്‍ ത്വരിതപ്പെടുത്തുകയും പുറത്തുനിന്ന് വരുന്നവര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ജനങ്ങള്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ നല്ല രീതിയില്‍ പാലിക്കുക കൂടി ചെയ്താല്‍ മാത്രമേ ഇളവുകള്‍ വേഗത്തിലാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.