
സ്വന്തം ലേഖകൻ: ഖത്തറില്‍ മൂന്നാംഘട്ട കോവിഡ് ഇളവുകള്‍ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലാകും. ജൂലൈ ഒമ്പത് വെള്ളിയാഴ്ച മുതൽ നിലവിൽ വരുന്ന ഇളവുകൾ പ്രകാരം, മാളുകളിലും റസ്റ്റാറൻറുകളിലും പരമാവധി ശേഷിയുടെ 50 ശതമാനം ആളുകൾക്ക് പ്രവേശനം നൽകാം. വിവാഹ ചടങ്ങുകളിൽ പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണവും വർധിപ്പിച്ചു. കുട്ടികൾക്ക് സിനിമ തിയറ്ററുകളിലും പ്രവേശനാനുമതി ഉണ്ടാകും.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമായത്. വീട്ടിൽനിന്നും താമസ സ്ഥലങ്ങളിൽനിന്നും പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കുന്നത് തുടരണം. ഒറ്റക്കോ കുടുംബത്തോടൊപ്പമോ വാഹനങ്ങൾക്കുള്ളിൽ അല്ലാത്തപ്പോഴെല്ലാം മാസ്ക് ധരിക്കണം.
ഇഹ്തിറാസ് ആപ്പിെൻറ ഉപയോഗം പതിവ് പോലെ തന്നെ തുടരും. പുറത്തിറങ്ങുന്നവർ മൊബൈൽ ഫോണിൽ ഇഹ്തിറാസ് പച്ച തെളിഞ്ഞതായി ഉറപ്പാക്കണം. ഇൻഡോറിൽ, വാക്സിൻ സ്വീകരിച്ച 15 പേർക്ക് വരെയോ സ്വീകരിക്കാത്ത അഞ്ചു പേർക്ക് വരെയോ മാത്രം കൂട്ടം ചേരാം. പുറത്ത് ചടങ്ങുകൾ നടക്കുേമ്പാൾ വാക്സിൻ സ്വീകരിച്ച 30 പേർക്ക് വരെയോ വാക്സിൻ സ്വീകരിക്കാത്ത 10 പേർക്ക് വരെയോ കൂട്ടം ചേരാൻ അനുവാദമുണ്ട്.
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അനുവദനീയമായ ശതമാനം 80 തന്നെ. പ്രധാന മീറ്റിങ്ങുകളിൽ 15 പേർ മാത്രം. വിവാഹ ചടങ്ങുകളിൽ പരമാവധി 80 പേർക്ക് പങ്കെടുക്കാം. ഇവരിൽ 75 ശതമാനവും വാക്സിനേറ്റഡ് ആയിരിക്കണം. ഷോപ്പിങ് മാളുകളിൽ അനുവദനീയ പ്രവേശന ശേഷി 50 ശതമാനം വരെയാകാം. ഇവിടങ്ങളിലെ ഭക്ഷണശാലകളിൽ ഇത് 30 ശതമാനമാണ്. കുട്ടികൾക്ക് ഉൾപ്പെടെ എല്ലാവർക്കും പ്രവേശിക്കാം. സ്മോകിങ് ഏരിയകൾ അടഞ്ഞുകിടക്കും.
പൊതു വാഹനങ്ങളിലും മെട്രോയിലും ശേഷി 50 ശതമാനമായി ഉയർത്തി. ബസുകളിൽ ഇത് 30 ശതമാനമാണ്. ഇൻഡോർ അമ്യൂസ്മെൻറ് പാർക്കുകളിൽ 30 ശതമാനം വരെയും ഔട്ട്ഡോർ പാർക്കുകളിൽ 50 ശതമാനം വരെയും കസ്റ്റമേഴ്സിനെ അനുവദിക്കും. 75 ശതമാനം കസ്റ്റമേഴ്സ് വരെ വാക്സിൻ സ്വീകരിച്ചവർ ആയിരിക്കണം. ഡ്രൈവിങ് സ്കൂളുകളുകളുടെ ശേഷി 50 ശതമാനമായി ഉയർത്തി. ഇൻസ്ട്രക്ടർമാർ വാക്സിൻ എടുത്തവർ ആയിരിക്കണം.
സ്വകാര്യ ബോട്ടുകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ടൂറിസ്റ്റ് ബോട്ടുകളിൽ 30 ശതമാനം. ഹോൾസെയിൽ മാർക്കറ്റുകളും സൂക്കുകളും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. പ്രായനിയന്ത്രണം ഇല്ല. മസ്ജിദുകളുടെ പ്രവർത്തനം പഴയ പോലെ തുടരും. ശുചീകരണ ശൗചാലയ സംവിധാനങ്ങൾ അടഞ്ഞുതന്നെ കിടക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും അനുവദനീയ ശേഷി 50 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ജീവനക്കാർ വാക്സിൻ സ്വീകരിച്ചവർ ആയിരിക്കണം. ബാർബർ ഷോപ്പുകളിൽ 50 ശതമാനം വരെ ഇടപാടുകാരെ അനുവദിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല