1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2022

സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കണമെന്നും ലക്ഷണങ്ങൾ കണ്ടാൽ പരിശോധന വൈകരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം. വാക്‌സിനേഷൻ , മാസ്‌ക് , അകലം ഉൾപ്പെടെയുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഓർമിപ്പിച്ചു. ഇന്നലെ വിദേശയാത്ര കഴിഞ്ഞെത്തിയ 100 പേർക്കുൾപ്പെടെ 837 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പോസിറ്റീവായി കഴിയുന്നവരുടെ എണ്ണം 6,880 ആയി.

ഇവരിൽ 113 പേർ ആശുപത്രിയിലാണ്. കോവിഡിന്റെ തുടക്കം മുതൽ കർശന മുൻകരുതൽ നടപടികളാണ് ഖത്തർ സ്വീകരിക്കുന്നത്. പ്രതിദിന കോവിഡ് കേസുകൾ ഉയർന്നതോടെയാണ് ഇക്കഴിഞ്ഞ ജൂലൈ 6 മുതൽ 6 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് രാജ്യത്തെ അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഫെയ്‌സ് മാസ്‌ക് ധരിക്കൽ മന്ത്രിസഭ നിർബന്ധമാക്കിയത്. ആശുപത്രികൾ, തൊഴിലിടങ്ങൾ, പൊതുഗതാഗതങ്ങൾ, പളളികൾ, ജിം, ഷോപ്പിങ് മാളുകൾ, കടകൾ, സിനിമ തിയറ്ററുകൾ തുടങ്ങി എല്ലാത്തരം അടച്ചിട്ട പൊതുസ്ഥലങ്ങളും ഫെയ്‌സ് മാസ്‌ക് നിർബന്ധമാണ്.

ഉചിതമായ രീതിയിൽ ഫെയ്‌സ് മാസ്‌ക് ധരിക്കുന്നതിലൂടെ കോവിഡിനെ വലിയ തോതിൽ പ്രതിരോധിക്കാൻ കഴിയും. മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കാനും സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചു പതിവായി കൈകൾ വൃത്തിയായി സൂക്ഷിക്കുകയും വേണം.

കോവിഡ് പ്രതിസന്ധിയിൽ മികച്ച സേവനം കാഴ്ചവച്ച മുൻനിര ജീവനക്കാർക്ക് ആദരവായി പ്രത്യേക എഡിഷൻ കോവിഡ്-19 തപാൽ സ്റ്റാംപുകൾ പുറത്തിറക്കി. ഖത്തർ പോസ്റ്റൽ സർവീസ് കമ്പനിയായ ഖത്തർ പോസ്റ്റ് ആണ് മെഡിക്കൽ, ആരോഗ്യ പരിചരണം, പൊലീസ്, സൈന്യം, തപാൽ എന്നീ മേഖലകളിലെ ജീവനക്കാരോടുള്ള ആദരവായി സ്റ്റാംപുകൾ പുറത്തിറക്കിയത്.

2 സ്റ്റാംപുകൾ അടങ്ങിയ ഒരു സെറ്റിന് 7 റിയാൽ, കവറിന് 8 റിയാൽ, സ്റ്റാംപുകളുടെ ഫോൾഡറിന് 70 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. നിലവിൽ 10,000 സ്റ്റാംപുകളും 1,000 കവറുകളാണ് വിൽപനയ്ക്കായി തയാറാക്കിയിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള ഖത്തർ പോസ്റ്റിന്റെ ശാഖകളിൽ സ്റ്റാംപുകൾ ലഭിയ്ക്കും. ഫിഫയുമായുള്ള കരാർ പ്രകാരം ഫിഫ ഖത്തർ ലോകകപ്പിന്റെ എല്ലാ തപാൽ സ്റ്റാംപുകളും ഔദ്യോഗികമായി പുറത്തിറക്കാനുള്ള അവകാശവും ഖത്തർ പോസ്റ്റിനാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.