
സ്വന്തം ലേഖകൻ: ഖത്തറിൽ ഇനിയും കോവിഡ് വാക്സിൻ എടുക്കാത്ത പ്രായമായവർ എത്രയും പെട്ടെന്നു റജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം. ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. വയോധികർക്ക് കോവിഡ് ബാധിച്ചാൽ സങ്കീർണമാകാൻ സാധ്യതയേറെയാണെന്നും ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഏറെയും വാക്സിേനഷൻ പൂർത്തിയാക്കാത്തവരാണ്. വാക്സിനേഷന് റജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 40277077, 44390111.
മൂന്ന് വിഭാഗം ആളുകളിലാണ് കോവിഡ് രോഗം കൂടുതൽ അപകടം സൃഷ്ടിക്കുന്നതെന്നും അവർ ഉടൻതന്നെ വാക്സിനെടുക്കാൻ ശ്രദ്ധിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് വ്യക്തമാക്കി. ഹമദ് മെഡിക്കൽ കോർപറേഷെൻറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് ഡോ. സുഹ അൽ ബയാത് വാക്സിനെടുക്കാൻ ആവശ്യപ്പെട്ടത്.
ഒന്നാമത്തെ വിഭാഗം 60 വയസ്സിന് മുകളിലുള്ളവരാണ്. അവരിൽ 10ൽ ഒമ്പത് പേരും വാക്സിനെടുത്തിട്ടുണ്ടെങ്കിലും 100 ശതമാനം പേരും വാക്സിനെടുക്കണമെന്നതാണ് നമ്മുടെ ആവശ്യം. വാക്സിനെടുക്കാൻ യോഗ്യരായിട്ടും വാക്സിനെടുക്കാതെ മാറിനിൽക്കുന്നത് നല്ല പ്രവണതയല്ല. രണ്ടാമത്തെ വിഭാഗം ഗർഭിണികളായ സ്ത്രീകളാണ്. അവരിൽ കോവിഡ് രോഗത്തിെൻറ അപകടസാധ്യത കൂടുതലാണ്.
പ്രായത്തിൽ അവരോടൊപ്പം നിൽക്കുന്ന സ്ത്രീകളേക്കാൾ ഗർഭിണികളിൽ കോവിഡ് അപകടസാധ്യത കൂടുന്നതിനാൽ വാക്സിനേഷൻ സ്വീകരിക്കാൻ മടിക്കരുത്. ആയിരക്കണക്കിന് ഗർഭിണികൾ ഇതിനകം വാക്സിനെടുത്തിട്ടുണ്ട്. ഇതുവരെ ഗുരുതര പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് വാക്സിെൻറ സുരക്ഷിതത്വത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവർ വിശദീകരിച്ചു.
കുട്ടികളുടെ കോവിഡ് വാക്സിനേഷനും മുൻഗണന നൽകണം. 12 മുതൽ 15 വയസ്സ് വരെയുള്ളവർക്ക് രോഗതീവ്രത കുറവാണെങ്കിലും നീണ്ടകാലം വൈറസ് നിലനിൽക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത്, രോഗവാഹകരാവാനും മറ്റുള്ളവരിലേക്ക് പകർത്താനും കാരണമാവുമെന്നും ഡോ. സുഹ അൽ ബയാത് ചൂണ്ടിക്കാട്ടി.
പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, കുട്ടികൾക്ക് വാക്സിനെടുക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളിൽ കൂടുതൽ ബോധവത്കരണം നടത്തുമെന്നും പഠനത്തോടൊപ്പം അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്നും അവർ വ്യക്തമാക്കി.
വാക്സിനെടുക്കാൻ യോഗ്യരായ, 12 വയസ്സിന് മുകളിലുള്ള 85 ശതമാനം പേരും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതായും ഓരോ വ്യക്തിയും വാക്സിൻ സ്വീകരിക്കുന്നതിലൂടെ സുരക്ഷിതമായ, വൈറസ് മുക്തമായ സമൂഹമെന്ന ലക്ഷ്യത്തിലേക്ക് നാം അടുക്കുകയാണെന്നും ഇത് കോവിഡിന് മുമ്പുള്ള ജനജീവിതം തിരികെ കൊണ്ടുവരുമെന്നും വിഡിയോ സന്ദേശത്തിൽ ഡോ. സുഹ അൽ ബയാത് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല