1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2021

സ്വന്തം ലേഖകൻ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്ന് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചവര്‍ക്കു മാത്രമാണ് നിലവില്‍ ഖത്തറില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, അറിയിപ്പ് ലഭിച്ചവര്‍ അവസരം പാഴാക്കാതെ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
സെപ്തംബര്‍ 15 മുതലാണ് ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ഹൈ റിസ്‌ക് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കു മാത്രമാണ് ഇത് നല്‍കുന്നത്.

50 വയസ്സ് കഴിഞ്ഞവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് എട്ടു മാസം പിന്നിട്ടവരെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ നേരിട്ട് അറിയിപ്പ് സന്ദേശം അയക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുപ്രകാരം അപ്പോയിന്റ്‌മെന്റ് എടുക്കുന്നവര്‍ക്കു മാത്രമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ വാക്‌സിനുകളുടെ ആദ്യ രണ്ട് ഡോസുകള്‍ എടുത്തവര്‍ക്ക് എട്ടു മാസം പിന്നിടുന്നതോടെ കോവിഡിനെതിരായ പ്രതിരോധ ശേഷി കുറഞ്ഞുവരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അവര്‍ക്ക് മൂന്നാം ഡോസ് നല്‍കുന്നതെന്ന് മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. കോവിഡിനെതിരായ ദീര്‍ഘ കാല പ്രതിരോധത്തിന് ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

രണ്ടാം ഡോസിന് തുല്യമായതോ അതിനേക്കാള്‍ കുറവോ പാര്‍ശ്വ ഫലങ്ങള്‍ മാത്രമേ മൂന്നാം ഡോസ് എടുത്തവരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നും അതുകൊണ്ടു തന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആരും വിമുഖത കാണിക്കേണ്ടതില്ലെന്നും മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ കഹല്‍ പറഞ്ഞു. രാജ്യത്ത് ഇതിനകം 83.5 ശതമാനം പേരാണ് ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തത്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളില്‍ ഒന്നാണ് ഖത്തറെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.