1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2021

സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാംപെയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിനുള്ള യോഗ്യതാ കാലപരിധി കുറച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കും ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസിന് യോഗ്യതയുണ്ടാകും. ഇതുവരെ രണ്ടാം ഡോസെടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്കായിരുന്നു ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നത്. ഈ നിബന്ധനയിലാണ് ആരോഗ്യമന്ത്രാലയം ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിലൂടെ ലഭിക്കുന്ന പ്രതിരോധ ശേഷി ആറ് മാസം പിന്നിടുമ്പോള്‍ ക്രമേണ കുറഞ്ഞുവരുന്നതായി ഇതുമായി ബന്ധപ്പെട്ട ഗവേഷണ പഠനങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാലപരിധി കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ രണ്ടാം ഡോസ് എടുത്ത് ആറു മാസം പിന്നിട്ട മുഴുവന്‍ ആളുകളും എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് എടുക്കുകയും കോവിഡിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും അധികൃതര്‍ ആഹ്വാനം ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചകളിലായി രാജ്യത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ചെറിയ തോതിലുള്ള വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നേരത്തെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രോഗം പിടിപെടുന്നതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. കോവിഡിനെതിരായ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അതിനാല്‍ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ജാഗ്രത കൈവിടാന്‍ സമയമായിട്ടില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ യാത്രക്ക് മുമ്പായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. പല വിദേശ രാജ്യങ്ങളിലും കോവിഡ് വ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തിലാണ് നിര്‍ദേശം. പ്രൈമറി ഹെല്‍ത്ത് കോര്‍പറേഷനു കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് ബൂസ്റ്റര്‍ ഡോസിനുള്ള അപ്പോയിന്‍മെന്റ് നല്‍കുന്നത്.

സാധാരണ ഗതിയില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ആറു മാസം കഴിഞ്ഞവരെ പിഎച്ച്‌സിസിയില്‍ നിന്ന് അങ്ങോട്ട് ബന്ധപ്പെട്ട് അപ്പെയിന്‍മെന്റ് നല്‍കും. എന്നാല്‍ അര്‍ഹരായ ആര്‍ക്കെങ്കിലും അപ്പോയിന്‍മെന്റ് ലഭിക്കാതെ വരികയാണെങ്കില്‍ അവര്‍ പിഎച്ച്‌സിസിയുടെ ഹോട്ട്‌ലൈന്‍ നമ്പറായ 40277077 നമ്പറില്‍ വിളിച്ച് അപ്പോയിന്‍മെന്റ് എടുക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.