
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ വിജയത്തിലേക്ക്. വാക്സിനെടുക്കുന്നതിന് യോഗ്യരായ ജനസംഖ്യയിലെ 53.8 ശതമാനം പേരും ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.60 വയസ്സിനു മുകളിലുള്ളവരിൽ 89.2 ശതമാനം പേരും ഒരു ഡോസ് എങ്കിലും വാക്സിനെടുത്തിട്ടുണ്ട്. ഇവരിൽ 83.3 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, ഇന്നലെ വരെ ആകെ 2190807 ഡോസ് വാക്സിനാണ് നൽകിയിരിക്കുന്നത്. ദിവസവും മുപ്പതിനായിരത്തിലധികം ഡോസ് ആണ് നൽകുന്നത്. വാക്സിൻ സ്വീകരിച്ച ആളുകളുടെ ശതമാനക്കണക്കിൽ ഖത്തർ ലോകത്ത് ഒമ്പതാമതാണ്. ഖത്തറിൽ എല്ലാവർക്കും ഫൈസർ, മൊഡേണ വാക്സിനുകളാണ് സൗജന്യമായി നൽകുന്നത്. വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ക്യു.എൻ.സി.സി കേന്ദ്രത്തിലും ഇൻഡസ്ട്രിയൽ ഏരിയയിലെ കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും വാക്സിൻ ലഭ്യമാണ്.
വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണനാപട്ടികയിൽ 30 വയസുള്ളവരെയും കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു. ഇതോടെ 30ഉം അതിന് മുകളിലും പ്രായമുള്ളവർക്ക് പി.എച്ച്.സികളിൽ നിന്ന് വാക്സിൻ എടുക്കാനുള്ള അപ്പോയ്ൻമെൻറുകൾ അയക്കും. രാജ്യത്തെ പ്രവാസികളിൽ ഭൂരിഭാഗം പേരും 30 വയസ്സും അതിനു മുകളിലും പ്രായമുള്ളവരാണ്. ഇതോടെ പ്രവാസികളടക്കം എല്ലാവർക്കും വാക്സിൻ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകാനുള്ള വഴിയാണ് തുറന്നിരിക്കുന്നത്.
ദീർഘകാല രോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ, പ്രധാന മന്ത്രാലയങ്ങളുമായി ബന്ധെപ്പട്ടവർ, സ്കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ് നിലവിൽ വാക്സിൻ മുൻഗണനപ്പട്ടികയിൽ ഉള്ള മറ്റുള്ളവർ. ഇൗ ഗണത്തിലുള്ളവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് നേരിട്ട് ബന്ധപ്പെടും. 12നും 15നും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടതിനാൽ ഈ പ്രായക്കാർക്കും രാജ്യത്ത് ഉടൻതന്നെ വാക്സിൻ നൽകിത്തുടങ്ങും.
ഇതിനായി രക്ഷിതാക്കൾ ആരോഗ്യമന്ത്രാലയം വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. https://appcovid19.moph.gov.qa/ar/instructions.html എന്ന ലിങ്കിലൂെടയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വരുന്ന സെപ്റ്റംബർ മുതൽ അടുത്ത സ്കൂൾ വർഷം തുടങ്ങാനിരിക്കെ രാജ്യത്തെ വിദ്യാഭ്യാസരംഗവും കോവിഡിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിപ്പോകാൻ കുട്ടികളിലെ വാക്സിനേഷനിലൂടെ കഴിയും.
മേയ് 28 മുതൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുകയാണ്. അന്നുമുതൽ സ്കൂളുകൾ 30 ശതമാനം ശേഷിയിൽ െബ്ലൻഡഡ് പാഠ്യരീതിയിൽ പ്രവർത്തനം പുനരാരംഭിക്കും. അടുത്ത ഘട്ടത്തിൽ 50 ശതമാനം ശേഷിയിലും സ്കൂളുകൾക്ക് പ്രവർത്തിക്കാം. സ്കൂൾഅധ്യാപകർക്കും ജീവനക്കാർക്കും നേരത്തേ തന്നെ വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്.
വാക്സിൻ എടുത്തവർക്ക് മേയ് 28 മുതൽ നിരവധി ഇളവുകളാണ് വരുന്നത്. ബാർബർ ഷോപ്പുകൾ, റസ്റ്റാറൻറുകൾ, ജിം തുടങ്ങിയ ഇടങ്ങളിൽ വാക്സിൻ എടുത്തവർക്കു മാത്രം പ്രവേശനം നൽകുകയാണ് ഈ ഘട്ടത്തിൽ ചെയ്യുക. ഖത്തറിൽനിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ഒമ്പത് മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട എന്ന ഇളവും നിലവിൽ വന്നുകഴിഞ്ഞു. നേരത്തേ ഇത് ആറുമാസമായിരുന്നു.
എന്നാൽ ഇന്ത്യയടക്കമുള്ള ആറു രാജ്യങ്ങളിൽ നിന്നുള്ള എല്ലാവർക്കും ഖത്തറിൽ പത്തുദിവസം ക്വാറൻറീൻ നിർബന്ധമാണ്. നാലുഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുകയാണ് ആരോഗ്യ മന്ത്രാലയത്തിൻെറ ലക്ഷ്യം. വിമാനയാത്രക്കടക്കം വാക്സിൻ നിർബന്ധമാകാൻ പോകുകയാണ്. നിലവിൽ വിവിധ വിമാനക്കമ്പനികൾ യാത്ര പുറെപ്പടുന്നതിനു മുമ്പുതന്നെ വാക്സിൻ സ്വീകരിച്ചത് സംബന്ധിച്ച വിവരങ്ങൾ കൂടി ചോദിക്കുന്നുണ്ട്.
ഖത്തറില്‍ കോവിഡ് പിസിആര്‍ പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്കി. ഇതോടെ രാജ്യത്ത് പിസിആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണം 70 ആയി. സ്വകാര്യ സെന്ററുകളിലെ പരിശോധനയ്ക്ക് 300 റിയാൽ ആണ് നിരക്കെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തറിൽ വ്യാഴാഴ്ച 313 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. ഇതുവരെ 214,463 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 539 പേർ മരിച്ചു. 24 മണിക്കൂറിനിടെ 522 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 209,773 ആയി. നിലവിൽ 4,151 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 19,85,181 പരിശോധനകൾ നടത്തി. വ്യാഴാഴ്ച മാത്രം 17,127 കോവിഡ് ടെസ്റ്റാണ് നടത്തിയത്. ഇവരിൽ 3842 പേർ ആദ്യമായാണ് കോവിഡ് പരിശോധന നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല