
സ്വന്തം ലേഖകൻ: കൊവിഡ്-19 വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ പുതിയ ലിങ്കിലൂടെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. കൊവിഡ് വാക്സീന് രണ്ടു ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാമത്തെ ഡോസെടുത്ത് 7 ദിവസത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
മൈ ഹെല്‍ത്ത് ആപ്ലിക്കേഷനിലൂടെയും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മന്ത്രാലയത്തിന്റെ https://cert-covid19.moph.gov.qa എന്ന ലിങ്കിലൂടെ സര്‍ട്ടിഫിക്കറ്റ് എടുക്കാം. നാഷനല്‍ ഓഥന്റിക്കേഷന് സിസ്റ്റം (നാസ്) ആയ തൗവീഖ് മുഖേനയാണ് ലിങ്കില്‍ പ്രവേശിക്കേണ്ടത്.
നാസ് അക്കൗണ്ട് ഇല്ലാത്തവര്‍ https://www.nas.gov.qa/self-service/register/select-user-type?lang=en എന്ന ലിങ്കില്‍ പ്രവേശിച്ച് അക്കൗണ്ട് തുടങ്ങണം. പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/self service/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും.
ഖത്തറിൽ ഡിസംബർ 23ന് തുടങ്ങിയ കൊവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ പുരോഗമിക്കുകയാണ്. നിലവിൽ 27 ഹെൽത്ത് സെൻററുകളിലും കുത്തിവെപ്പിന് സൗകര്യമുണ്ട്. പൗരന്മാർക്കും പ്രവാസികൾക്കുമടക്കം സൗജന്യമായാണിത്. സന്ദർശക വിസയിലുള്ളവർക്ക് നൽകുന്നില്ല. ആദ്യഘട്ടത്തിൽ ആർക്കും വാക്സിൻ നിർബന്ധമാക്കിയിട്ടില്ല.
എന്നാൽ, അടുത്തുതന്നെ എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് ആരോഗ്യ മന്ത്രാലയം അധികൃതർ നൽകുന്ന സൂചനകൾ. കുത്തിവെപ്പിനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയത് ഇതിെൻറ ഭാഗമാണ്. ഇതിലൂടെ പൗരന്മാർക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആഗ്രഹം അറിയിക്കാം.
രാജ്യത്തെ 16 വയസ്സ് മുതലുള്ള എല്ലാവരും കുത്തിവെപ്പിന് തയാറെടുക്കണമെന്നാണ് മന്ത്രാലയം പറയുന്നത്. നിലവിൽ ഫൈസർ ബയോൻടെക് വാക്സിനാണ് നൽകുന്നത്. മൊഡേണ കമ്പനിയുടെ വാക്സിൻ കൂടി അടുത്തദിവസം രാജ്യത്തെത്തും. മതിയായ അളവിൽ വാക്സിൻ എത്തുന്നതോടെ രാജ്യത്തെ എല്ലാവർക്കുമായി കുത്തിവെപ്പ് കാമ്പയിൻ വികസിപ്പിക്കാനാണ് പദ്ധതി.
വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് ഖത്തറിൽ ക്വാറൻറീൻ ഒഴിവാകാനും സാധ്യതയുണ്ട്. വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചയാൾക്ക് ഒരുപക്ഷേ ക്വാറൻറീൻ ഇല്ലാതെതന്നെ യാത്ര ചെയ്യാനും തിരികെയെത്താനും സാധിക്കും. എന്നാൽ, ഇക്കാര്യം സംബന്ധിച്ച് തീരമാനമൊന്നും അധികൃതർ എടുത്തിട്ടില്ല.
ചില രാജ്യങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും കൊവിഡ്-19 പരിശോധനക്ക് വിധേയമാക്കാനിടയുണ്ട്. ഖത്തറിലും അപ്രകാരം നടത്തും. ജനങ്ങൾ ഇവിടേക്ക് മടങ്ങിയെത്തുമ്പോൾ അവരിൽ നിന്നും സാമ്പിളെടുക്കും. അവർ സ്വീകരിച്ച വാക്സിെൻറ കാര്യക്ഷമത പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല