1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2021

സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്‌സീന്‍ രണ്ടാമത്തെ ഡോസെടുക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം. ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ തിരക്കു വര്‍ധിക്കുന്ന സാഹചര്യത്തിലാണു പുതിയ മാറ്റങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്. ഹെല്‍ത്ത് സെന്ററുകള്‍, ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ലുസെയ്ല്‍-അല്‍ വക്ര ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണു മാറ്റങ്ങള്‍ വരുത്തിയത്.

എല്ലാ കേന്ദ്രങ്ങളിലും വാക്‌സിനേഷന് എത്തുന്നവരുടെ മൊബൈല്‍ ഫോണിലെ ഇഹ്‌തെറാസ് പ്രൊഫൈല്‍ സ്റ്റേറ്റസ് പച്ചയായിരിക്കണം. വാക്‌സിനേഷന്‍ കാര്‍ഡ്, ഖത്തര്‍ ഐഡി എന്നിവ കൈവശമുണ്ടാകണം. കോവിഡ് മുന്‍കരുതല്‍ പാലിക്കണം. ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് ആദ്യ ഡോസ് എടുത്തവര്‍ അതേ സെന്ററില്‍ നിന്ന് നിശ്ചിത തീയതിയില്‍ രണ്ടാമത്തെ ഡോസെടുക്കണം. ഇതു സംബന്ധിച്ച എസ്എംഎസ് അറിയിപ്പ് ലഭിക്കും.

കഴിഞ്ഞ 20 ദിവസത്തിനിടെ ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് ആദ്യ ഡോസ് സ്വീകരിച്ചവരില്‍ രണ്ടാമത്തെ ഡോസ് ഡ്രൈവ്-ത്രൂ കേന്ദ്രത്തില്‍ നിന്നെടുക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുള്ളവര്‍ക്ക് അപ്പോയ്ന്‍മെന്റ് ഹെല്‍ത്ത് സെന്ററിലേക്ക് പുന:ക്രമീകരിച്ചു കൊണ്ടുള്ള എസ്എംഎസ് സന്ദേശം ലഭിയ്ക്കും. മുന്‍കൂര്‍ അനുമതി ലഭിക്കാത്തവര്‍ക്കു വാക്‌സീന്‍ നല്‍കുന്നതല്ല.

ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ നിന്ന് രണ്ടാമത്തെ ഡോസ് എടുക്കാന്‍ ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്ന് ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ അനുമതിയുള്ളു. രണ്ടാമത്തെ ഡോസിനായി ഡ്രൈവ്-ത്രൂ കേന്ദ്രത്തില്‍ എത്തേണ്ട സമയവും തീയതിയും സംബന്ധിച്ച് എസ്എംഎസ് സന്ദേശം ലഭിക്കും. രണ്ടാമത്തെ ഡോസെടുക്കാന്‍ അനുവദിച്ചിരിക്കുന്ന നിശ്ചിത തീയതിക്ക് മുന്‍പായി വാക്‌സീന്‍ നല്‍കില്ല. ഫൈസര്‍-ബയോടെക് ആദ്യ ഡോസെടുത്ത് 21 ദിവസത്തിനും മൊഡേണ 28 ദിവസത്തിനും ശേഷമേ രണ്ടാമത്തെ ഡോസ് ലഭിക്കു.

ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ മാത്രമേ എത്താന്‍ പാടുള്ളു. ബസുകളിലും കാല്‍നടയായി എത്തുന്നവര്‍ക്കും വാക്‌സീന്‍ ലഭിക്കില്ല. രണ്ടാമത്തെ ഡോസെടുക്കാന്‍ അനുവദിച്ച നിശ്ചിത സമയത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അപ്പോയ്ന്‍മെന്റ് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിക്കൊണ്ടുള്ള സമയവും തീയതിയും സംബന്ധിച്ച എസ്എംഎസ് സന്ദേശം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.