1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2021

സ്വന്തം ലേഖകൻ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതികള്‍ പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. ഖത്തറിലേക്ക് വീട്ടുവേലക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, ഗാര്‍ഡനര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമം കര്‍ശനമാക്കുന്നതാണ് പുതിയ നിയമഭേദഗതി.

പുതിയ നിയമ ഭേദഗതികള്‍ നിലവില്‍ വന്നു കഴിഞ്ഞതായി ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു.ഗാര്‍ഹിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് മുമ്പുള്ള പ്രൊബേഷന്‍ കാലാവധി നിലവിലെ മൂന്ന് മാസത്തില്‍ നിന്ന് ഒന്‍പത് മാസമായി ദീര്‍ഘിപ്പിക്കുന്നതാണ് പുതിയ ഭേദഗതികളിലൊന്ന്. ആദ്യത്തെ മൂന്നു മാസം പ്രാഥമിക നിരീക്ഷണ കാലയളവായും അതിനു ശേഷമുള്ള അടുത്ത ആറുമാസം പ്രൊബേഷന്‍ കാലയളവായും കണക്കാക്കും.

പ്രൊബേഷന്‍ കാലയളവില്‍ തൊഴിലാളി കടന്നു കളയുകയോ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ രോഗബാധിതനാകുകയോ ചെയ്താല്‍ തൊഴിലുടമയില്‍ നിന്ന് ഈടാക്കിയ ഗ്യാരണ്ടി തുക നിശ്ചിത കിഴിവ് കഴിച്ച് തിരിച്ചു നല്‍കാന്‍ റിക്രൂട്ടിംഗ് ഏജന്‍സിക്ക് ബാധ്യതയുണ്ടെന്നും പുതിയ നിയമം അനുശാസിക്കുന്നു. എന്നാല്‍ തൊഴിലാളിയെ തൊഴിലുടമ മര്‍ദ്ദിക്കുകയോ തൊഴില്‍കരാര്‍ ലംഘനം നടത്തുകയോ ചെയ്താല്‍ ഗാരന്റി തുക സംബന്ധമായ അവകാശം തൊഴിലുടമയ്ക്ക് നഷ്ടപ്പെടും.

റിക്രൂട്ടിംഗ് കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ ജോലിക്കായി ഖത്തറിലേക്ക് കൊണ്ടുവരുമ്പോള്‍ അതത് രാജ്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന തൊഴില്‍ നിയമങ്ങളും വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. ഖത്തറിലേക്ക് വരുന്നതിന് മുമ്പു തന്നെ ഗാര്‍ഹിക തൊഴിലാളിക്ക് തൊഴിലുലടമ ഒപ്പിട്ട തൊഴില്‍ കരാറിന്റെ പകര്‍പ്പ് റിക്രൂട്ടിംഗ് ഏജന്‍സി നല്‍കണം. ഖത്തറിലെത്തിയ ശേഷം തൊഴിലുടമയ്ക്കു കീഴില്‍ ജോലിയില്‍ പ്രവേശിക്കുന്നതു വരെയുള്ള കാലയളവില്‍ താമസ സൗകര്യവും ഭക്ഷണവും റിക്രൂട്ടിംഗ് ഏജന്‍സി നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.