
സ്വന്തം ലേഖകൻ: ഖത്തറിൽ പല ഭാഗത്തും ശക്തമായ പൊടിക്കാറ്റ്. അന്തരീക്ഷത്തിൽ പൊടിപടലമുയർന്നതിനാൽ പലയിടത്തും കാഴ്ചപരിധി രണ്ട് കിലോമീറ്ററിലും താഴെ വന്നതായി ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. പലഭാഗത്തും കാഴ്ചപരിധി കുറഞ്ഞത് വകുപ്പ് നിരീക്ഷിച്ചുവരുകയാണ്. ദോഹയിൽ രണ്ട് കിലോമീറ്റർ മാത്രമാണ് കാഴ്ചപരിധി.
അസ്ഥിരമായ കാലാവസ്ഥയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, ശക്തമായ കാറ്റിനെ തുടർന്ന് കടലിൽ ഏഴുമുതൽ 11 അടി വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പ് സമുദ്ര മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ദിശയിൽ 22-32 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും 40 നോട്ടിക്കൽ മൈൽ വേഗത വരെ പ്രാപിക്കാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് സമുദ്രസംബന്ധമായ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണം. ഫ്രീ സ്വിമ്മിങ്, ബോട്ട് ട്രിപ്, സ്കൂബ ഡൈവിങ്, ഫ്രീ ഡൈവിങ്, സർഫിങ്, ഫിഷിങ് ടൂർ, വിൻഡ്സർഫിങ് എന്നിവയെല്ലാം നിർത്തിവെക്കാനും കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു. ചൂടുകുറഞ്ഞ പകലുകളും തണുപ്പ് കൂടുതലുള്ള രാത്രികളുമായിരിക്കും അടുത്തദിവസങ്ങളിൽ. 13 ഡിഗ്രി സെൽഷ്യസിനും 26നും ഇടയിലായിരിക്കും താപനില.
ഈ വർഷത്തെ തണുപ്പുകാലത്ത് അബൂസംറയിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. നാല് ഡിഗ്രി സെൽഷ്യസാണ് ഇത്തവണ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഇതിനുമുമ്പ് 2017ലാണ് അബൂസംറയിൽ രാജ്യത്തെ ഏറ്റവും കുറവ് താപനിലയുണ്ടായിരുന്നത്. 1.5 ഡിഗ്രി സെൽഷ്യസ് എന്ന രാജ്യത്തിെൻറ ചരിത്രത്തിലെ ഏറ്റവും കുറവ് താപനില ആയിരുന്നു അത്. രാജ്യത്ത് താപനില ഇനിയും കുറഞ്ഞ് കൂടുതൽ തണുപ്പിലേക്ക് നീങ്ങും.
മാർഗനിർദേശങ്ങൾ
പൊടിപടലം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക. മുഖവും വായും മൂക്കും നിരന്തരം ശുദ്ധജലംകൊണ്ട് കഴുകുക. ശ്വാസകോശത്തിൽ പൊടി എത്താതിരിക്കുന്നതിന് മാസ്ക് ധരിക്കുന്നത് പതിവാക്കുക. കണ്ണിൽ പൊടി, കരട് വീണാൽ കൈകൊണ്ട് തിരുമ്മുന്നത് ഒഴിവാക്കുക, ഉടൻ വെള്ളം കൊണ്ട് കഴുകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല