1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2021

സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരിയ ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതുപ്രകാരം രാജ്യത്ത് നിലവിലുള്ള മൂന്നാംഘട്ട നിയന്ത്രണങ്ങള്‍ ഏറെക്കുറെ തുടരുമെങ്കിലും വിവിധ മേഖലകളില്‍ അനുവദിക്കപ്പെട്ട ആളുകളുടെ വര്‍ധിപ്പിച്ചു.

ആഗസ്ത് ആറ് വെള്ളിയാഴ്ച മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ആഗസ്ത് മുതല്‍ നാലാംഘട്ട ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും കോവിഡ് കേസുകള്‍ കൂടിയതിനാല്‍ അവ അടുത്ത മാസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. അതിന് പകരമാണ് നിലവിലെ ഇളവുകളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തം നല്‍കിക്കൊണ്ട് നിയന്ത്രണം ലഘൂകരിച്ചത്. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്ക് ധരിക്കുകയും ഇഹ്തിറാസ് ആപ്പ് ആക്ടിവേറ്റ് ചെയ്യുകയും വേണം.

ഓഫിസുകളില്‍ 80 ശതമാനം ജീവനക്കാര്‍ക്ക് ഹാജരാവാമെന്ന വ്യവസ്ഥ തുടരും. ബാക്കിയുള്ളവര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യണം. ജോലി സ്ഥലങ്ങളില്‍ വച്ച് നടക്കുന്ന യോഗങ്ങളില്‍ പരമാവധി 15 പേര്‍ക്ക് പങ്കെടുക്കാം. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ വാക്‌സിനെടുക്കാത്ത എല്ലാ ജീവനക്കാരും ആഴ്ച്ച തോറും കോവിഡ് റാപിഡ് ടെസ്റ്റിന് (ആന്റിജന്‍ ടെസ്റ്റ്) വിധേയരാവണം. കോവിഡ് വന്ന് ഭേദയമാവര്‍ക്ക് ഇത് ബാധകമല്ല.

സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ മുഴുവന്‍ വാക്സിനെടുത്തിരിക്കണം. വീടുകള്‍, മജ്‌ലിസുകള്‍ എന്നിവിടങ്ങളില്‍ ഇന്‍ഡോറിലാണെങ്കില്‍ വാക്‌സിനെടുത്ത പരമാവധി 15 പേര്‍ക്കോ വാക്‌സിനെടുക്കാത്തവരോ ഒരു ഡോസ് മാത്രം എടുത്തവരോ ആയ അഞ്ചു പേര്‍ക്കോ ഒരുമിച്ചു കൂടാം. അതേസമയം ഇവിടെ ഔട്ട്‌ഡോറിലാണെങ്കില്‍ വാക്‌സിനെടുത്ത 35 പേര്‍ക്കോ വാക്‌സിനെടുക്കാത്ത 10 പേര്‍ക്കോ ഒത്തുചേരാം.

ഹോട്ടലുകളിലും വെഡ്ഡിംഗ് ഹാളുകളിലും നടക്കുന്ന വിവാഹങ്ങളില്‍ പരമാവധി 80 പേര്‍ക്ക് പങ്കെടുക്കാം. അതിഥികളില്‍ വാക്സിൻ എടുക്കാത്തവര്‍ 10ല്‍ കൂടുതല്‍ പേര്‍ പാടില്ല. പാര്‍ക്കുകള്‍, കോര്‍ണിഷ്, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ 20 പേരടങ്ങുന്ന സംഘങ്ങള്‍ക്ക് അനുമതിയുണ്ട്. ഒരേ കൂടുംബത്തില്‍പ്പെട്ടവരാണെങ്കില്‍ എണ്ണം ബാധകമല്ല. സ്വകാര്യ ബീച്ചുകള്‍ ശേഷിയുടെ 50 ശതമാനം പേര്‍ മാത്രം.

പള്ളികളില്‍ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് പ്രവേശനം. ടോയ്‌ലെറ്റ്, അംഗശുദ്ധി വരുത്താനുള്ള സംവിധാനം എന്നിവ പ്രവര്‍ത്തിക്കില്ല. ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്‌ഡോറിലും ഇന്‍ഡോറിലും 50 ശതമാനം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കുന്ന മറ്റ് റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്‌ഡോറില്‍ 30 ശതമാനം പേര്‍ക്കും ഇന്‍ഡോറില്‍ 20 ശതമാനം പേര്‍ക്കും ഭക്ഷണം കഴിക്കാം.

ഇന്‍ഡോറില്‍ ഭക്ഷണം കഴിക്കുന്നവര്‍ പൂര്‍ണമായും വാകിസനെടുത്തിരിക്കണം. കുടുംബത്തോടൊപ്പം വരുന്ന കുട്ടികളെ മാത്രമേ ഇന്‍ഡോറില്‍ അനുവദിക്കൂ. ഷോപ്പിംഗ് സെന്ററുകള്‍, മാളുകള്‍, ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍, സൂഖുകള്‍, പരമ്പരാഗത മാര്‍ക്കറ്റുകള്‍ തുടങ്ങിയ വ്യാപാര- വാണിജ്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ശേഷിയില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത് തുടരും. ഇവിടങ്ങളില്‍ കുട്ടികള്‍ക്കും പ്രവേശിക്കാം. മാളുകളിലെ ഫുഡ് കോര്‍ട്ടുകള്‍, പ്രാര്‍ഥനാ ഹാളുകള്‍, ടോയ്‌ലറ്റുകള്‍ എന്നവ 30 ശതമാനം ശേഷിയില്‍ തുറക്കാം.

ബ്യൂട്ടി സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാരും ഉപഭോക്താക്കളും വാക്‌സിൻ എടുത്തിരിക്കണം. സലൂണുകളില്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവാന്‍ പാടില്ല. സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ചുരുങ്ങിയത് 75 ശതമാനം പേര്‍ വാക്‌സിനെടുത്തവരായിരിക്കണം. കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെങ്കിലും അവരെ വാക്സിനെടുക്കാത്ത 25 ശതമാനത്തില്‍ ഉള്‍പ്പെടുത്തിയാണ് എണ്ണം കണക്കാക്കുക.

ഹെല്‍ത്ത്, ഫിറ്റനസ് ക്ലബ്ബുകള്‍, കായിക പരിശീലന കേന്ദ്രങ്ങള്‍, സ്പാകള്‍, മസാജ് സെന്റുകള്‍ എന്നിവയ്ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഉപഭോക്താക്കളും ജീവനക്കാരും വാക്സിൻ എടുത്തിരിക്കണം. ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍ എന്നിവ 50 ശതമാനം ശേഷിയില്‍ നടത്താം. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയം. ബിസിനസ് യോഗങ്ങളില്‍ 15 പേര്‍. ഇതില്‍ അഞ്ചു പേര്‍ വരെ വാക്‌സിനെടുക്കാത്തവര്‍ ആവാം.

ഹോസ്പിറ്റാലിറ്റി-ക്ലീനിംഗ് സര്‍വീസുകളില്‍ വാക്സിനെടുത്ത ജീവനക്കാര്‍ക്ക് ഒന്നിലധികം വീടുകളില്‍ ജോലി ചെയ്യാം. സ്‌കൂളില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പഠനം സംവിധാനം തുടരും. സ്‌കൂളുകള്‍, നഴ്‌സറികള്‍, ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ നേരിട്ട് പങ്കെടുക്കാവുന്ന കുട്ടികളുടെ എണ്ണം 50 ശതമാനമായി വര്‍ധിപ്പിച്ചു. ജീവനക്കാരെല്ലാം വാക്‌സിന്‍ എടുത്തവരായിരിക്കണം.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും, ഡ്രൈവിംഗ് സ്‌കൂളുകളും 50 ശതമാനം ശേഷിയില്‍. പരിശീലകര്‍ മുഴുവനായും പരിശീലനത്തിനെത്തുന്നവരില്‍ 75 ശതമാനവും വാക്സിനെടുത്തിരിക്കണം. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ പഠന കേന്ദ്രങ്ങളില്‍ ഒരേ സമയം അഞ്ചില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ല. ജീവനക്കാരെല്ലാം വാക്‌സിനെടുത്തിരിക്കണം. ലൈബ്രറികളിലും മ്യൂസിയങ്ങളിലും ശേഷിയുള്ള 75 ശതമാനം പേരെ പ്രവേശിപ്പിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.