1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2021

സ്വന്തം ലേഖകൻ: ഗ്ലാസ്‌ഗോയില്‍ നടന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തെ നയതന്ത്ര വേദിയാക്കി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. വിവിധ രാഷ്ട്രത്തലവന്‍മാരുമായും നേതാക്കളുമായും കൂടികാഴ്ച നടത്താന്‍ അദ്ദേഹം സമയം കണ്ടെത്തി. സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോയിലെത്തിയ ഖത്തര്‍ അമീറിനെ എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ലോര്‍ഡ് പീറ്റര്‍ മക്കാര്‍ത്തിയാണ് വരവേറ്റത്. മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥ സംഘവും അമീറിനെ വരവേല്‍ക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു.

തുടര്‍ന്ന് ഉച്ചകോടി വേദിയില്‍ വെച്ച് വിവിധ രാഷ്ട്ര നേതാക്കളുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധം, സുരക്ഷ, വാണിജ്യം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. അതോടൊപ്പം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സുപ്രധാന വിഷയങ്ങളും ചര്‍ച്ചയായി. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനു പുറമെ, ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍കല്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി, കുവൈറ്റ് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി, ഈജിപ്ത് പ്രസിഡന്റ്് അബ്ദുല്‍ ഫത്താഹ് അല്‍ സീസി തുടങ്ങിയ രാഷ്ട്ര നേതാക്കളുമായി അമീര്‍ ചര്‍ച്ച നടത്തി. ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അമീര്‍ ഖത്തറിലേക്ക് മടങ്ങി.

അതിനിടെ, ഗ്ലാസ്‌ഗോ സമ്മേളനത്തോടനുബന്ധിച്ച് സ്‌കോട്ടിഷ് ഇവന്റ് കാമ്പസില്‍ ഒരുക്കിയ ഖത്തര്‍ പവലിയന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ഖത്തര്‍ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ശെയ്ഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമദ് ബിന്‍ അലി അല്‍താനിയാണ് പവലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഖത്തര്‍ വിദേശകാര്യമന്ത്രാലയം, ഖത്തര്‍ എനര്‍ജി, സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഖത്തര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് അടിവരയിടുന്ന പവലിയനില്‍ നവംബര്‍ 12 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന 200ലേറെ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സന്ദര്‍ശനം നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.