
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് ഖത്തർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഭാര്യ ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയും. ഇതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. വെള്ളിയാഴ്ച ബക്കിങ്ങാം കൊട്ടാരത്തിൽ ഇവർ എത്തിയത്.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും യുകെ പ്രധാനമന്ത്രി ഋഷി സുനകും കൂടിക്കാഴ്ച നടത്തി. ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ആസ്ഥാന മന്ദിരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതും മേഖലയിലെയും രാജ്യാന്തര തലത്തിലെയും പുരോഗതികളും ഇരുവരും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകിച്ചും മേഖലാ സുരക്ഷയിലും പ്രതിരോധ മേഖലയിലുമുള്ള സഹകരണവും ചർച്ചയായി. കഴിഞ്ഞ വർഷം ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിൽ യുകെ സർക്കാർ നൽകിയ പിന്തുണയ്ക്ക് അമീർ നന്ദി അറിയിച്ചു. ഈ വർഷം തന്നെ യുകെയും ഖത്തറും തമ്മിലുള്ള സ്ട്രാറ്റജിക് ചർച്ച നടക്കും.
സുരക്ഷ, ഊർജം, സാമ്പത്തികം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തമായിരിക്കും ചർച്ച ചെയ്യുക. അമീരി ദിവാൻ ചീഫ് ഷെയ്ഖ് സൗദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി, യുകെയിലെ ഖത്തർ സ്ഥാനപതി ഫഹദ് ബിൻ മുഹമ്മദ് അൽ അത്തിയ്യ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല