1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള കരട് നിയമത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം. ശുപാർശകളോടെ കരട് നിയമം മന്ത്രിസഭയ്ക്ക് കൈമാറി. കരട് നിയമത്തിന്മേൽ കൗൺസിലിന്റെ പബ്ലിക് സർവീസസ് ആൻഡ് യൂട്ടിലിറ്റീസ് കമ്മിറ്റിയുടെ വിശദമായ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകിയത്.

രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും അടിസ്ഥാന ആരോഗ്യ പരിരക്ഷ സേവനങ്ങൾ ഉറപ്പാക്കുന്നതാണ് നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ്. രാജ്യത്തിന്റെ ആരോഗ്യ പരിചരണ സേവനങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച 47 ആർട്ടിക്കിളുകളും ആറ് അധ്യായങ്ങളും അടങ്ങുന്ന കരട് നിയമത്തിൽ പൗരന്മാർക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സേവനങ്ങൾ സൗജന്യമാണ്.

സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ പരിചരണ സേവനങ്ങൾക്കും നിർബന്ധിത ഹെൽത്ത് ഇൻഷുറൻസിനുള്ള മാനദണ്ഡങ്ങളും പൊതുജനാരോഗ്യ മന്ത്രാലയമാണ് നിർണയിക്കുന്നത്. സന്ദർശകർക്ക് ഇൻഷുറൻസ് നിർബന്ധമാക്കുന്നതിലൂടെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ സമ്മർദം കുറയ്ക്കാൻ കഴിയും.

കരട് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സന്ദർശകർക്ക് രാജ്യത്തേക്കുള്ള പ്രവേശന വീസ, വീസ പുതുക്കൽ, പ്രവാസി താമസക്കാരന് റസിഡൻസി പെർമിറ്റ് അനുമതി/പുതുക്കൽ, രാജ്യത്ത് തൊഴിൽ ചെയ്യാനുളള പെർമിറ്റ്/പുതുക്കൽ എന്നിവയ്ക്ക് ഹെൽത്ത് ഇൻഷുറൻസ് എടുത്തതിന്റെ രേഖ നിർബന്ധമാണ്.

ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിൽ അടിയന്തര ആരോഗ്യ സാഹചര്യങ്ങളിൽ അപകട ഘട്ടം തരണം ചെയ്യുന്നതു വരെ ആരോഗ്യ സേവനത്തിനായി ഒരു തുകയും നൽകേണ്ടതില്ല. ഇൻഷുറൻസ് കമ്പനി, ഗുണഭോക്താവിന്റെ ആരോഗ്യ പരിരക്ഷാ സേവന ദാതാക്കളുടെ ശൃംഖലയിൽ ഇല്ലെങ്കിൽ പോലും പരിചരണം ലഭിക്കും.

ആരോഗ്യപരിചരണ സേവനങ്ങൾ ലഭിക്കുന്ന രോഗികളുടെ അവകാശങ്ങളും ചുമതലകളും, ഇൻഷുറൻസ് കരാറിലെ കക്ഷികളുടെയും ആരോഗ്യ പരിചരണ സേവന ദാതാക്കളുടെയും ചുമതലകൾ, വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ എന്നിവ കരട് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നേരത്തെ മന്ത്രിസഭ അംഗീകാരം നൽകിയ ശേഷമാണ് കരട് നിയമം ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടത്.

ശുപാർശകളോടെ ശൂറ കൗൺസിൽ കരട് നിയമം മന്ത്രിസഭക്ക് കൈമാറിയതോടെ കൗൺസിലിന്റെ റിപ്പോർട്ടും ശുപാർശകളും ചർച്ച ചെയ്ത ശേഷം കരട് നിയമത്തിന് മന്ത്രിസഭ അന്തിമ അംഗീകാരം നൽകും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കരട് നിയമത്തിൽ ഒപ്പുവയ്ക്കുന്നതോടെ അധികം താമസിയാതെ നിയമം പ്രാബല്യത്തിലാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.