
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും തൊഴിലുടമകളും റിക്രൂട്ട്‌മെന്റ് കമ്പനികളും കനത്ത പിഴ ഒടുക്കേണ്ടി വരും.
കഴിഞ്ഞ ദിവസം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കിക്കൊണ്ടുളള 2021 ലെ 22-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണിത്. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അടിയന്തര, അപകട കേസുകളിൽ മികച്ച ചികിത്സ നൽകാനുള്ള അത്യാധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും ചികിത്സ നൽകാതിരിക്കുന്ന സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ പരമാവധി 5 ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
വ്യക്തികൾക്ക് നൽകുന്ന ഇൻഷുറൻസ് കരാറിലെ സേവനങ്ങൾ നൽകാൻ ഇൻഷുറൻസ് കമ്പനി വിസമ്മതിച്ചാൽ പരമാവധി 2,50,000 റിയാൽ പിഴ ഒടുക്കേണ്ടി വരും. തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ് എടുക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമകൾക്കാണ്. തൊഴിലാളികളെ തിരഞ്ഞെടുക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും ഇതു ബാധകമാണ്.
തൊഴിലുടമ അല്ലെങ്കിൽ റിക്രൂട്ടർ തൊഴിലാളിക്കുള്ള ഹെൽത്ത് ഇൻഷുറൻസ് എടുക്കാതിരിക്കുക, പ്രീമിയം തുക അടയ്ക്കാൻ വിസമ്മതിക്കുക, പ്രീമിയം അടയ്ക്കാനുള്ള തുക തൊഴിലാളികളുടെ പക്കൽ നിന്ന് ഈടാക്കുക എന്നിവയ്ക്ക് മുതിർന്നാൽ തൊഴിലുടമയ്ക്കും റിക്രൂട്ട്‌മെന്റ് ഏജൻസിയ്ക്കുമെതിരെ 30,000 റിയാൽ പിഴ ചുമത്തും. ലംഘനത്തിന് എത്ര പേർ ഇരയാകുന്നുണ്ടോ അതനുസരിച്ച് പിഴത്തുക കൂടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല