1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് സംഘാടന മികവിൽ ലോകത്തിന്റെ കയ്യടി നേടി ഖത്തർ കുതിച്ചുയരുന്നത് ലോക കായിക ഭൂപടത്തിന്റെ മുൻനിരയിലേക്ക്. ഇനി ഫോർമുല വൺ ഉൾപ്പെടെയുള്ള കളിത്തിരക്കിലേക്ക് ചുവടുമാറും. 2010 ൽ ഫിഫയുടെ ആതിഥേയത്വം ഏറ്റു വാങ്ങുമ്പോൾ ഖത്തർ ലോകത്തിന് നൽകിയത് 22ാമത് ഫിഫ ലോകകപ്പ് എക്കാലത്തെയും അവിസ്മരണീയവും എല്ലാവർക്കും പ്രാപ്യവുമായ ഒന്നായിരിക്കും എന്ന വാഗ്ദാനമാണ്.

വാക്കു കൊടുത്തതിൽ കൂടുതൽ നടപ്പിൽ വരുത്തിയതിന്റെ സാഫല്യമാണ് ഖത്തറെന്ന കുഞ്ഞൻ രാജ്യത്തിന് വിമർശകരുടെ ഹൃദയത്തിലും സ്വീകാര്യതയുടെ ഇടം നേടാനായതിന്റെ കാരണം. രാജ്യമെങ്ങും സ്ത്രീ സൗഹൃദ ഇടങ്ങളെന്ന നിലയിൽ വനിതകളുടെ കയ്യടി നേടിയ ടൂർണമെന്റ്. ഒരു കേസ് പോലും റജിസ്റ്റർ ചെയ്യാത്തത്ര പഴുതടച്ച സുരക്ഷിത ലോകകപ്പ്, പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സ്വപ്നസാഫല്യം സമ്മാനിച്ച ലോകകപ്പ് ഇങ്ങനെ ടൂർണമെന്റിന്റെ സവിശേഷ സ്വഭാവത്തിന് അപ്പുറം ആതിഥേയ സൗകര്യങ്ങളിലെല്ലാം ആരാധകർ സംതൃപ്തരാണ്.

ലോകത്തിലെ ഏറ്റവും മികച്ച കായിക കേന്ദ്രം- ഇനി ഖത്തറിന്റെ സ്വപ്നമാണത്. ആ സ്വപ്നത്തിലേക്ക് ഓടിയെത്താൻ അധിക നാളില്ല. വിശ്രമിക്കാൻ സമയവുമില്ല. 2023 മുതൽ 10 വർഷത്തേക്ക് ഫോർമുല വൺ, 2023 ൽ എഎഫ്സി ഏഷ്യൻ കപ്പ്, 2023 ൽ എഎഫ്സി ചാംപ്യൻസ് ലീഗ് പടിഞ്ഞാറൻ മേഖലാ മത്സരങ്ങൾ, 2024 ൽ എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ്, 2025 ൽ ലോക ടേബിൾ ടെന്നീസ്, 2030 ൽ ഏഷ്യൻ ഗെയിംസ് ഇങ്ങനെ നീളും വരും വർഷങ്ങളിലെ ഖത്തറിന്റെ കായിക വിരുന്ന്. ലോകകപ്പും ഏഷ്യൻ ഗെയിംസും മാത്രമല്ല ഒളിംപിക്സിനും വേദിയാകാൻ ഖത്തർ ഒരുക്കവുമാണ്.

29 ദിനങ്ങൾ നീണ്ട 64 മത്സരങ്ങളിലേക്കായി 14 ലക്ഷത്തിലധികം പേർ വിദേശങ്ങളിൽ നിന്നും ഒഴുകിയെത്തിയപ്പോൾ ദോഹയുടെ സൂഖ് വാഖിഫും ലുസെയ്ൽ നഗരവും കത്താറയും കോർണിഷും എല്ലാം തിരക്കൊഴിയാത്ത ആഘോഷ ഇടങ്ങളായി മാറി-നിന്നു തിരിയാൻ ഇടമില്ലാത്തത്ര തിരക്ക്. വ്യത്യസ്തരൂപത്തിലും ഭാവത്തിലും വേഷത്തിലും ഫുട്ബോൾ പ്രണയം നിറച്ചെത്തിയ ആരാധകർ ലോകകപ്പിലെ വർണ മനോഹരകാഴ്ചകളായി. ഖത്തറിന്റെ സാംസ്‌കാരിക പൈതൃകത്തിലേക്ക് ഇഴ ചേർന്നു നിന്നവർ. ഫാൻ സോണുകൾ ലോകത്തിലെ ഏറ്റവും വലിയ കലോത്സവ വേദികളായി.

അതിനിടെ 2026ൽ അടുത്ത ഫിഫ ലോകകപ്പ് നടക്കുന്ന കാനഡ, മെക്സിക്കോ,യുഎസ് എന്നീ മൂന്നു രാജ്യങ്ങൾക്കുമായി ഖത്തർ ലോകകപ്പ് ബാറ്റൺ കൈമാറി. അർജന്റീന– ഫ്രാൻസ് ഫൈനൽ മത്സരത്തിന് ശേഷം ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽതാനിയിൽ നിന്ന് കനേഡിയൻ ഗതാഗത മന്ത്രി ഒമർ അൽഘബ്ര, മെക്‌സിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് യോൻ ഡി ലുയിസ, യുഎന്നിലെ യുഎസ് പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡ് എന്നിവർ ആതിഥേയത്വം ഏറ്റുവാങ്ങി. ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സന്നിഹിതനായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.