1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2022

സ്വന്തം ലേഖകൻ: വലതുവിങ്ങിലൂടെ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ ജെറോം എംബെകെലി ബോക്സിന്റെ മധ്യഭാഗത്തേക്ക് ഉയർത്തിയ ക്രോസിൽ നിന്നായിരുന്നു ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ വിൻസന്റ് അബൂബക്കറിന്റെ ഹെഡർ ഗോൾ(1–0). 2002നു ശേഷം ലോകകപ്പിൽ കാമറൂൺ നേടുന്ന ആദ്യ ജയം. ജയിച്ചാലും പുറത്താണെന്ന ബോധ്യം ഉള്ളതിനാൽ ചട്ടം ലംഘിച്ച് അഭിമാന നിമിഷം ജഴ്സി ഊരിയായിരുന്നു ക്യാപ്റ്റൻ വിൻസന്റ് അബൂബക്കർ ആഘോഷിച്ചത്.

പിന്നാലെ റഫറി ഇസ്മായിൽ എൽഫത്ത് ഓടിയെത്തി. അതിവൈകാരികത തളം കെട്ടിനിൽക്കുമ്പോഴും നിയമം നിയമം ആണല്ലോ. വിൻസന്റ് രണ്ടാം മഞ്ഞക്കാർഡും തുടർന്നു ചുവപ്പുകാർഡും കണ്ട് പുറത്തേക്ക്. ചുവപ്പുകാർഡ് ഉയർത്തുന്നതിനു മുൻപ് റഫറി ഇസ്മായിൽ എൽഫത്ത് ഹസ്ത‌ദാനം നൽകിയും ചേർത്തുനിർത്തിയും, തോളിൽ തട്ടിയും വിൻസന്റ് അബൂബക്കറിനെ അഭിനന്ദിച്ചത് ഹൃദ്യമായ കാഴ്ചയായി.

ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ബ്രസീൽ പ്രതിരോധക്കോട്ട തകർത്ത് കാനറികളുടെ നെഞ്ചകം തർത്ത ചാട്ടൂളി പോലെയുള്ള ഹെഡർ ഗോൾ നേടിയ കാമറൂൺ നായകനെ ചേർത്തുനിർത്തി അഭിനന്ദിക്കാതെ പുറത്തേക്കു യാത്രയാക്കുവാൻ ഇസ്മായിൽ എൽഫത്തിന് കഴിയുമായിരുന്നില്ല. ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചെങ്കിലും കാമറൂണിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ചു. ജി ഗ്രൂപ്പിൽ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കാമറൂൺ. സ്വിറ്റ്‍സർലൻഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു സെർബിയയെ കീഴടക്കിയതോടെ രണ്ടാം സ്ഥാനക്കാരായി സ്വിസ് പട പ്രീക്വാർട്ടർ ഉറപ്പിച്ചു. രണ്ടു വിജയവും ഒരു തോൽവിയുമായി സ്വിറ്റ്സര്‍ലൻഡിന് ആറു പോയിന്റുണ്ട്.

കാമറൂൺ ഗോൾവലയ്ക്കു നേരെ 21 ഷോട്ടുകൾ പായിച്ച ബ്രസീലിന് ഒരു തവണ പോലും ലക്ഷ്യം നേടാൻ അവസരം കൊടുക്കാതെ കാത്തത് അവരുടെ പ്രതിരോധനിരയുടെ നിശ്ചയദാർഢ്യവും ഗോൾ കീപ്പർ ഡെവിസ് എപാസിയുടെ സൂപ്പർമാൻ പ്രകടനവുമാണ്. ബ്രസീലിന്റെ നിരന്തര മുന്നേറ്റങ്ങൾക്കിടെ ലഭിച്ച അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുകളുമായി കാമറൂണും കളംനിറഞ്ഞു. ആകെ 7 ഗോൾ ഷോട്ടുകളാണ് അവർ തൊടുത്തത്.

അതിൽ വിൻസന്റിന്റെ മിന്നൽ ഹെഡറടക്കം 3 എണ്ണം ഓൺ ടാർഗറ്റായി. സെർബിയയ്ക്കെതിരെ സമനില പിടിച്ച ടീമിൽ 4 മാറ്റങ്ങളുമായി ഇറങ്ങിയ കാമറൂൺ ടീമിൽ ക്രിസ്റ്റഫർ വൂ, എൻസോ എബൊസോ, നിക്കോളാസ് എൻഗമാലൂ, വിൻസന്റ് അബൂബക്കർ എന്നിവരെ കോച്ച് റിഗൊബെർട് സോങ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. നിക്കൊളാസ് എൻകൂളോ, ജീൻ ചാൾസ് കാസ്റ്റലാറ്റോ, മാർട്ടിൻ ഹോംഗ്‌ല, കാൾ ടോക്കോ എകാംബി എന്നിവരുടെ സ്ഥാനം റിസർവ് ബെഞ്ചിലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.