1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് സമയത്ത് സംഘാടകര്‍ക്ക് ഏറ്റവും വലിയ തലവേദനയായി മാറാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയെന്നത്. ചെറിയ രാജ്യമായ ഖത്തറിലെ അടുത്തടുത്തായി കിടക്കുന്ന സ്‌റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരം കാണാന്‍ ചുരുങ്ങിയത് 15 ലക്ഷം പേര്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ഇവരെ ശരിയായ വിധത്തില്‍ നിയന്ത്രിക്കുകയെന്നത് വലിയ വെല്ലുവിളിയായാണ് അധികൃതര്‍ കാണുന്നത്.

ചെറിയ പ്രശ്‌നങ്ങള്‍ പോലും വന്‍ ദുരന്തമായി പരിണമിച്ചേക്കാവുന്ന സാധ്യത നിലവിലുണ്ട്. അതിനാല്‍ ശരിയായ രീതിയിലുള്ള ക്രൗഡ് മാനേജ്‌മെന്റ് വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ ഖത്തറിലെ ലോകകപ്പ് സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ലെഗസി ആന്റ് ഡെലിവറിയുടെ സഹായത്തിന് എത്തിയിരിക്കുകയാണ് ഖത്തര്‍ യൂനിവേഴ്‌സിറ്റി.

ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഖത്തര്‍ യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് കോളജ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുകയും ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളോ കുഴപ്പങ്ങളോ ഉണ്ടാവുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മനുഷ്യന്റെ ഇടപെടല്‍ ഇല്ലാതെ കണ്ടെത്തുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് യൂനിവേഴ്‌സിറ്റി വികസിപ്പിച്ചിരിക്കുന്നത്.

തിരക്കിനിടയിലും ഓരോ വ്യക്തിയുടെയും മുഖം തിരിച്ചറിയുന്നതിനുള്ള ഫേസ് റെക്കഗ്നിഷന്‍ സംവിധാനം, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അസാധാരണമായി ഏതെങ്കിലും നീക്കങ്ങളുണ്ടാവുന്നത് കണ്ടെത്തുന്നതിനുള്ള അബ്നോര്‍മല്‍ ഇവന്റ് ഡിറ്റക്ഷന്‍, ഒരു പ്രദേശത്ത് എത്ര പേര്‍ ഉണ്ടെന്ന് കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുന്ന ക്രൗഡ് കൗണ്ടിംഗ് തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ പദ്ധതിയുടെ ഭാഗമായി.

ഏതെങ്കിലും രീതിയിലുള്ള അനിഷ്ട സംഭവങ്ങളുണ്ടാവുന്ന കണ്ടെത്തി തടയുകയും അത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ കാരണക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും അധികൃതരെ സഹായിക്കുന്നതാണ് ഖത്തര്‍ സര്‍വകലാശാല വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യ.

യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ സുമയ്യ അല്‍ മഅദീദിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പദ്ധതിക്കു പിന്നില്‍. സ്റ്റേഡിയത്തിന് അകത്തും പരിസരത്തിലുമുള്ള ആള്‍ക്കൂട്ടത്തിന്റെ വലിപ്പം മനസ്സിലാക്കാന്‍ യൂനിവേഴ്‌സിറ്റി വികസിപ്പിച്ച ഫുട്്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് ക്രൗഡ് ഡാറ്റാസെറ്റിലൂടെ സാധിക്കും. സര്‍വെയ്‌ലന്‍സ് ഡ്രോണുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ സഹായത്തോടെയാണ് ഇത് സാധ്യമാവുക.

ലോകകപ്പിന്റെ സുരക്ഷയ്ക്കും യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും പുതിയ സംവിധാനം ഗുണം ചെയ്യും. സ്റ്റേഡിയങ്ങള്‍ക്കും ഫാന്‍ സോണുകള്‍ക്കും മുകളില്‍ മാത്രമല്ല, ആരാധകര്‍ കൂടാനിടയുള്ള പ്രദേശങ്ങളിലെല്ലാം ഡ്രോണ്‍ നിരീക്ഷണങ്ങളുണ്ടാകും. ആരാധകര്‍ക്കിടയിലെ തെറ്റായ രീതിയിലുള്ള പെരുമാറ്റങ്ങളും ചലനങ്ങളും കണ്ടെത്താനും ഇത് സഹായകമാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.