1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2022

സ്വന്തം ലേഖകൻ: ഹയ്യാ കാര്‍ഡ് അംഗീകരിക്കപ്പെടാന്‍ പുതിയ രീതി അവതരിപ്പിച്ച് ഖത്തര്‍ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഖത്തര്‍ ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ ടിക്കറ്റെടുത്തവര്‍ക്കാണ് ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് നല്‍കുന്നത്. നിലവില്‍ ഹോട്ടലിലോ, ഫാന്‍ വില്ലേജിലോ മറ്റ് ഔദ്യോഗിക താമസ കേന്ദ്രങ്ങളിലോ താമസം ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഹയ്യാ കാര്‍ഡ് അംഗീകരിക്കുന്നത്.

എന്നാല്‍ പുതിയ രീതിയിലൂടെ ഔദ്യോഗിക താമസ കേന്ദ്രങ്ങള്‍ക്കു പുറത്ത് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കൂടെ താമസിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ രൂപത്തില്‍ ഹയ്യാ കാര്‍ഡ് ലഭ്യമാക്കാനുള്ള സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ടിക്കറ്റ് ഉണ്ടെങ്കിലും ഹയ്യാ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഖത്തറിലേക്ക് വരാനാവില്ലെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

www.hayya.qatar2022.qa എന്ന ഹയ്യാ കാര്‍ഡ് വെബ്‌സൈറ്റ് വഴിയാണ് ഹയ്യാ കാര്‍ഡ് അംഗീകരിച്ചു കിട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. അതിഥികള്‍ക്ക് താമസം ഒരുക്കുന്ന വീട്ടുടമയാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതിനായി വെബ്‌സൈറ്റില്‍ പ്രവേശിച്ച ശേഷം അതിലെ അക്കമഡേഷന്‍ ക്ലിക്ക് ചെയ്ത ശേഷം ഹോസ്റ്റ് ഫാമിലി ആന്റ് ഫ്രന്റ്‌സ് എന്ന ഐക്കണ്‍ തെരഞ്ഞെടുക്കണം.

ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും (ടേംസ് ആന്റ് കണ്ടീഷന്‍സ്) അംഗീകരിച്ച് ആക്‌സപ്റ്റ് ബട്ടന്‍ ക്ലിക്ക് ചെയ്ത ശേഷം ഖത്തര്‍ ഐഡി നമ്പര്‍ നല്‍കി അത് വാലിഡേറ്റ് ചെയ്യണം. വീടിന്റെ പ്രോപ്പര്‍ട്ടി ഡീഡോ വാകടക്കരാറോ അപ്ലോഡ് ചെയ്യുകയാണ് അടുത്ത പടി. അത് സാധൂകരിക്കുന്നതോടെ ഹയ്യാ കാര്‍ഡ് അപ്രൂവ് ചെയ്യപ്പെടും. ഇതിനു ശേഷം അപേക്ഷകന് ഡിജിറ്റല്‍ ഹയ്യാ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

നേരത്തേ ഹയ്യാ കാര്‍ഡുകള്‍ ലഭിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കുന്നതിനുമായി അലി ബിന്‍ ഹമദ് അല്‍ അതിയ്യ അറീനയില്‍ ഹയ്യാ കാര്‍ഡ് കേന്ദ്രം അധികൃതര്‍ ആരംഭിച്ചിരുന്നു. അല്‍ സദ്ദ് ക്ലബ്ബിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന അല്‍ അതിയ്യ സെന്റര്‍ ഫോര്‍ ഹയ്യാ കാര്‍ഡിന്റെ സേവനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹസ്സന്‍ റബീഅ അല്‍ കുവാരി അറിയിച്ചു.

അവസാന ഘട്ടത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് നേരത്തേ തന്നെ ഹയ്യാ കാര്‍ഡ് സ്വന്തമാക്കാന്‍ എല്ലാവരും തയ്യാറാവണം. ടിക്കറ്റുണ്ടെങ്കിലും സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനും മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തില്‍ സൗജന്യ യാത്രാ സൗകര്യം ലഭിക്കുന്നതിനും ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.