1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബോളിന്റെ കലാശക്കളിയില്‍ ഞായറാഴ്ച രാത്രി അര്‍ജന്റീനയും ഫ്രാന്‍സും മുഖാമുഖം. ഒട്ടേറെ അട്ടിമറികള്‍ കണ്ട ചാമ്പ്യന്‍ഷിപ്പിലെ അന്തിമ വിധിപറയാന്‍ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും ഒരുങ്ങി. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 8.30 മുതല്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലിലെത്തിയതെങ്കില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്. 2018-ലെ റഷ്യന്‍ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. 1986-ലാണ് അര്‍ജന്റീന അവസാനമായി ജേതാക്കളായത്. 2014-ല്‍ അവര്‍ ഫൈനലിലെത്തിയിരുന്നു. ഇരു ടീമുകളും നേരത്തേ രണ്ടുതവണ വീതം കിരീടം നേടി.

ബ്രസീലും ജര്‍മനിയും ഇംഗ്ലണ്ടും സ്‌പെയിനും പോര്‍ച്ചുഗലും ബെല്‍ജിയവുമൊക്കെ വീണുപോയെങ്കിലും 22-ാമത് ലോകകപ്പില്‍ ക്ലാസിക് ഫൈനല്‍ അരങ്ങേറുന്നതിന്റെ സന്തോഷത്തിലാണ് കായികലോകം. രണ്ടു പതിറ്റാണ്ടോളമായി ലോക ഫുട്‌ബോളിനെ പ്രചോദിപ്പിക്കുന്ന അര്‍ജന്റീനയുടെ പ്രധാന താരം ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പാകും ഇതെന്ന് കരുതുന്നു.

തികഞ്ഞ പ്രതീക്ഷയോടെയാണ് ഫൈനലിനെ കാത്തിരിക്കുന്നതെന്ന് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണിയും ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷോമും പറഞ്ഞു. ചില കളിക്കാര്‍ക്ക് പനി ബാധിച്ചതിന്റെ ആശങ്ക ഫ്രഞ്ച് ടീമിനുണ്ടെങ്കിലും അര്‍ജന്റീനയ്ക്ക് ആശങ്കകളൊന്നുമില്ല. അഞ്ചുഗോള്‍ വീതം നേടി ടോപ് സ്‌കോറര്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും തമ്മില്‍ ഗോള്‍ഡന്‍ ബൂട്ടിനായും മത്സരമുണ്ട്.

ഞായറാഴ്ച വൈകീട്ട് കലാപരിപാടികളോടെ ഫൈനല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ‘ഓര്‍ത്തിരിക്കാന്‍ ഒരു രാവ്’ എന്നു ഫിഫ പേരിട്ടിരിക്കുന്ന കലാശപരിപാടികളില്‍ നോറ ഫത്തേഹി, ഡേവിഡോ, ആയിഷ, ബല്‍ക്കീസ് തുടങ്ങിയ കലാകാരന്മാര്‍ അണിനിരക്കും. 88000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലുസെയ്ല്‍ സ്റ്റേഡിയം ഫൈനലിന് നിറഞ്ഞുകവിയും. ഖത്തറിനെ സംബന്ധിച്ച് ഞായറാഴ്ച ചരിത്രത്തിൽ ഇടംപിടിക്കാവുന്ന ദിനംകൂടിയാണ്. ദേശീയദിനം ആഘോഷിക്കുന്ന ഞായറാഴ്ചയാണ് ലോകകപ്പ് ഫുട്‌ബോൾ മാമാങ്കത്തിന്റെ സമാപനവും നടക്കുന്നത്.

ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം. അഭിമാനനേട്ടത്തിനൊപ്പം കോടിക്കണക്കിന് രൂപയാണ് ടീമിന് ലഭിക്കുക. വിജയിക്കള്‍ക്ക് 42 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 347 കോടി രൂപ) അക്കൗണ്ടിലെത്തും. രണ്ടാം സ്ഥാനക്കാര്‍ക്ക് 30 മില്ല്യണ്‍ ഡോളര്‍ (248 കോടി രൂപ) ലഭിക്കും. ഫൈനല്‍ മത്സരം അവസാനിച്ചാല്‍ അര്‍ജന്റീനയുടേയോ ഫ്രാന്‍സിന്റെയോ അക്കൗണ്ടുകളിലാണ് ഈ പണമെത്തുക.

മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്ല്യണ്‍ ഡോളറും (223 കോടി രൂപ), നാലാം സ്ഥാനത്തെത്തിയ മൊറോക്കോയ്ക്ക് 25 മില്ല്യണ്‍ ഡോളറും (206 കോടി രൂപ) സമ്മാനമായി ലഭിക്കും. ക്വാര്‍ട്ടറിലെത്തിയ ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നീ ടീമുകള്‍ 17 മില്ല്യണ്‍ ഡോളറു(140 കോടി രൂപ) മായാണ് നാട്ടിലേക്ക് മടങ്ങിയത്. പ്രീ ക്വാര്‍ട്ടര്‍ കളിച്ച സെനഗല്‍, ഓസ്‌ട്രേലിയ, പോളണ്ട്, ജപ്പാന്‍, സ്‌പെയിന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎസ്എ എന്നീ ടീമുകള്‍ക്ക് 13 മില്ല്യണ്‍ ഡോളര്‍ (107 കോടി രൂപ) വീതം ലഭിച്ചു.

ഖത്തര്‍, ഇക്വഡോര്‍, മെക്‌സിക്കോ, വെയ്ല്‍സ്, സൗദി അറേബ്യ, ടുണീഷ്യ, കാനഡ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, കോസ്റ്ററിക്ക, ജര്‍മനി, ഘാന, യുറഗ്വായ്, സെര്‍ബിയ, കാമറൂണ്‍, ഇറാന്‍ എന്നീ ടീമുകള്‍ സ്വന്തമാക്കിയത് ഒമ്പത് മില്ല്യണ്‍ ഡോളറാണ്. അതായത് ഏകദേശം 74 കോടി രൂപ. ഈ ടീമുകള്‍ക്കൊന്നും ഗ്രൂപ്പ് ഘട്ടം കടയ്ക്കാനായിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.