1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2022

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, ലോകകപ്പ് ആരവങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഖത്തറിലെ ടെലികോം സേവന ദാതാക്കളായ ഊരിദുവും. ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി ഹയ്യാ സിം കാര്‍ഡും നിലവിലെ ഉപഭോക്താക്കള്‍ക്ക് 2022 ഗിഫ്റ്റ് എന്ന പേരില് ആകര്‍ഷകമായ ഓഫറുകളുമാണ് ലോകകപ്പിന്റെ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക പ്രദശത്തേക്കുള്ള ഔദ്യോഗിക ടെലി കമ്മ്യൂണിക്കേഷന്‍സ് ഓപ്പറേറ്റര്‍ കൂടിയായ ഊരിദു ഒരുക്കിയിരിക്കുന്നത്.

ഊരിദു സിഇഒ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ താനി, ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പ്രതിനിധികള്‍, ഊരിദുവിന്റെ ബ്രാന്‍ഡ് അംബാസഡറും ഖത്തറിന്റെ ഒളിംപിക്‌സ് മെഡല്‍ ജേതാവുമായ മുതാസ് ബര്‍ഷിം തുടങ്ങി നിരവധിപേര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ഫിഫ ലോകകപ്പ് പോലെയുള്ള ഒരു മെഗാ ഇവന്റുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ടെലികോം കമ്പനിയും മുന്നോട്ടുവച്ചിട്ടില്ലാത്ത വിധം ചരിത്രത്തില്‍ സമാനതകളില്ലാത്ത ഓഫറുകളാണ് ഫുട്‌ബോള്‍ ആരാധകര്‍ക്കായി തങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് ഊരിദു ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ശെയ്ഖ് നാസര്‍ ബിന്‍ ഹമദ് ബിന്‍ നാസര്‍ അല്‍താനി പറഞ്ഞു.

നിങ്ങള്‍ ഖത്തറില്‍ താമസിക്കുന്നവരാണെങ്കിലും പുറത്തു നിന്ന് സന്ദര്‍ശകരായി എംത്തുന്നവരാണെങ്കിലും, ഒരു ഊരിദു ഉപഭോക്താവ് എന്ന നിലയില്‍ എതിരാളികളില്ലാത്ത വിധം വിസ്മയകരമായ ഫാന്‍ അനുഭവമായിരിക്കും തങ്ങള്‍ സമ്മാനിക്കുക. ടെലികോം സേവന ദാതാക്കള്‍ എന്ന നിലയില്‍ ഉപഭോക്തൃ അനുഭവത്തിന് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എങ്ങനെയെന്ന് എല്ലാവര്‍ക്കും നേരിട്ട് അനുഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് മല്‍സരങ്ങള്‍ കാണാനായി ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് നവംബര്‍ ഒന്നു മുതല്‍ പുതിയ ഹയ്യാ സിം കാര്‍ഡുകള്‍ ലഭ്യമായിത്തുടങ്ങും. ഹയ്യാ സിം എടുക്കുന്നവര്‍ക്ക് 2022 പ്രാദേശിക മിനിറ്റുകള്‍, 2022 പ്രാദേശിക എസ്എംഎസ്, 2022 എംബി ഡാറ്റ എന്നിവയാണ് ഊരിദു വാഗ്ദാനം ചെയ്യുന്നത്. മൂന്ന് ദിവസമായിരിക്കും ഈ ഓഫറുകളുടെ വാലിഡിറ്റി. മൂന്ന് ദിവസത്തിനകം സിം കാര്‍ഡ് റീചാര്‍ജ് ചെയ്താല്‍ ഈ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭ്യമാവും. നിലവില്‍ ഖത്തറില്‍ താമസിക്കുന്ന ഊരിദുവിന്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും 2022 ഗിഫ്റ്റ് എന്ന പേരില്‍ വ്യത്യസ്ത ആനുകൂല്യങ്ങള്‍ ലഭിക്കും.

ഫിഫ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് ഉപയോഗിച്ച് ഖത്തറിലേക്ക് വരുന്ന ആരാധകര്‍ക്ക് ഹയ്യാ സിം കാര്‍ഡ് എളുപ്പത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നം ഊരിദു ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍. എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, കര അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ സിം കാര്‍ഡ് ലഭ്യമാകുന്ന നിരവധി ഡിസ്പെന്‍സിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇതിനു പുറമെ, ടാക്സികള്‍, മെട്രോ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍, ഫിഫ ഫാന്‍ അക്കമഡേഷനുകള്‍, ഫാന്‍ സോണുകള്‍, ഊരിദു ഷോപ്പുകള്‍, ഫ്രാഞ്ചൈസുകള്‍, ഡീലര്‍മാര്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഹയ്യാ സിം കാര്‍ഡ് സ്വന്തമാക്കാം. ഉരീദു ഇ ഷോപ്പിലൂടെ ഓണ്‍ലൈനായും സിം കാര്‍ഡ് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ട് രീതിയിലുല്‍ ഹയ്യാ സിം കാര്‍ഡുകള്‍ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഫിസിക്കല്‍ സിം കാര്‍ഡായും ഇലക്ട്രോണിക് സിം അഥവാ ഇ-സിം ആയും ഇത് ലഭിക്കും. ഊരിദു ഇ സ്റ്റോറില്‍ നിന്നും ഹയ്യാ സിം സബ്‌സ്‌ക്രൈബ് ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ എവിടെയും സിം കാര്‍ഡ് എത്തിച്ചു നല്‍കും. ഇ-സിം കാര്‍ഡ് തെരഞ്ഞെടുക്കുന്നവര്‍ക്ക് അത് ഇമെയില്‍ വഴിയാണ് അയച്ചു തരിക.

ഹയ്യാ സിം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനും വളരെ എളുപ്പമാണ്. ഉപഭോക്താവ് ഈരിദു ഇ-സിം കാര്‍ഡ് നെറ്റ്‌വര്‍ക്കിലേക്ക് കണക്റ്റ് ചെയ്താല്‍ ഉടന്‍ തന്നെ അത് ആക്ടിവേറ്റാകും. ഫിസിക്കല്‍ കാര്‍ഡാണെങ്കില്‍ ഊരിദു ആപ്പ് വഴിയോ ഊരിദു ഇ-ഷോപ്പ് വഴിയോ ആണ് അവ അക്ടിവേറ്റാക്കേണ്ടത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സിം ആക്ടിവേഷന്‍ നടക്കുന്നത് എന്നതിനാല്‍ നിമിഷ നേരം കൊണ്ട് സേവനം ലഭ്യമാക്കാന്‍ ഉപഭോക്താവിന് കഴിയും. ഖത്തറില്‍ താമസിക്കുന്ന ഊരിദുവിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കെല്ലാം 2022 ഗിഫ്റ്റ് ഓഫര്‍ ലഭ്യമാണ്. അത് ലഭിക്കാന്‍ ഊരിദു ആപ്പ് വഴി 2022 ഗിഫ്റ്റ് ഓഫര്‍ ആക്ടിവേറ്റ് ചെയ്താല്‍ മാത്രം മതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.