1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് ടിക്കറ്റെടുത്ത ഹയ്യാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത അതിഥികളെ കാർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള 3+1 സേവനത്തിന് അടുത്ത ആഴ്ച തുടക്കമാകും. ലോകകപ്പ് കാണികൾക്കുള്ള ഫാൻ ഐഡിയാണ് ഹയ്യാ കാർഡുകൾ. ഒരു ഹയ്യാ കാർഡ് ഉടമയ്ക്ക് ലോകകപ്പ് മത്സര ടിക്കറ്റെടുക്കാത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആയ 3 പേരെ കൂടി രാജ്യത്തേക്ക് ഒപ്പം കൂട്ടാൻ അനുവദിക്കുന്നതാണ് 3+1 നയം.

ഈ 3 പേർക്ക് ലോകകപ്പ് ഫാൻ സോണുകളിലെ കാഴ്ചകളും വിനോദപരിപാടികളും ആസ്വദിക്കാം. ഹയ്യാ പ്ലാറ്റ്‌ഫോം മുഖേനയാണ് 3 പേരുടെയും വിവരങ്ങൾ നൽകേണ്ടത്. ഇവരെ ഹയ്യാ കാർഡുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് സുപ്രീം കമ്മിറ്റി ഹയ്യാ കാർഡ് വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അലി അൽ ഖുവാരി വ്യക്തമാക്കി. ഹയ്യാ കാർഡ് ഉടമകൾ ക്ഷണിക്കുന്ന 3 പേർക്കും മത്സര ടിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന വൗച്ചറുകൾ ഉൾപ്പെടെയുള്ള സ്ഥിരീകരണം ഇ-മെയിൽ വഴി ലഭിക്കും.

ക്ഷണിക്കപ്പെട്ട 3 പേർക്കും 500 റിയാൽ വീതം പ്രവേശന ഫീസ് നൽകണം. എന്നാൽ 3 പേരിൽ 12 വയസ്സിൽ താഴെയുള്ളവർ ഉണ്ടെങ്കിൽ അവർക്ക് പ്രവേശനം സൗജന്യമാണ്. ലോകകപ്പ് ടിക്കറ്റെടുത്തവർക്ക് ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കുമുള്ള പ്രവേശനത്തിന് ഹയ്യാ കാർഡ് നിർബന്ധമാണ്. ഇതുവരെ 4,50,000 പേർക്ക് ഡിജിറ്റൽ ഹയ്യാ കാർഡ് വിതരണം ചെയ്തു. 2,00,000 പ്രിന്റഡ് കാർഡുകളും നൽകി. ഖത്തറിനകത്തും പുറത്തുമുള്ളവർക്ക് തപാൽ മുഖേനയും പ്രിന്റ് ചെയ്ത ഹയ്യാ കാർഡുകൾ എത്തിക്കുന്നുണ്ട്. ലോകകപ്പ് ടിക്കറ്റെടുത്തവരിൽ മുൻപിൽ സൗദിയാണ്.

യുഎസ്, യുകെ, മെക്‌സികോ എന്നിവരാണ് തൊട്ടുപിന്നിൽ. ഹയ്യാ കാർഡിന് അപേക്ഷിച്ചിട്ടും ഇതുവരെ ഡിജിറ്റൽ കാർഡ് ലഭിക്കാത്തവർക്ക് ഇ-മെയിൽ മുഖേന അധികൃതരെ അറിയിക്കാം. അതേസമയം പ്രിന്റു ചെയ്ത കാർഡുകൾ നിർബന്ധമില്ലെന്നും ലോകകപ്പ് ടിക്കറ്റെടുത്തവർക്ക് ഡിജിറ്റൽ ഹയ്യാ കാർഡ് മതിയെന്നും അൽ ഖുവാരി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.