1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2022

സ്വന്തം ലേഖകൻ: മാച്ച് ടിക്കറ്റും ഗോളടിയും താരങ്ങളെയും പോലെതന്നെ ഈ ലോകകപ്പിൽ ഏറ്റവുമേറെ ചർച്ച ചെയ്ത വാക്കാണ് ‘ഹയ്യ’ കാർഡ്. ഇതുവരെ ഹയ്യ കിട്ടിയോ എന്നായിരുന്നു ആരാധകരുടെ സംസാരം. വിവിധ സേവനങ്ങൾ ഉറപ്പുനൽകുന്ന ഹയ്യ കാർഡ് പ്രധാനമായും എട്ട് മേഖലകളിലായാണ് ഉപയോഗപ്പെടുന്നത്. വിദേശ കാണികൾക്ക് ഖത്തറിലേക്കുള്ള പ്രവേശനാനുമതി, സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം, മെട്രോ-ബസ് സൗജന്യ സേവനം, ഫാൻ സോണുകളിലേക്കുള്ള പ്രവേശനം, വിവിധ സേവനങ്ങളിലുള്ള ഇളവുകൾ, സൗജന്യ സിം കാർഡ് തുടങ്ങിയവയാണ് അതിൽ പ്രധാനപ്പെട്ടത്.

നവംബർ ഒന്നുമുതൽ രാജ്യത്തേക്കുള്ള പ്രവേശനം ഹയ്യ കാർഡ് വഴി മാത്രമായി അധികൃതർ പരിമിതപ്പെടുത്തിയിരുന്നു. ഹയ്യ കാർഡ് അപ്രൂവലിനുശേഷം ലഭിക്കുന്ന എൻട്രി പെർമിറ്റാണ് ഖത്തറിലേക്കുള്ള യാത്രയിൽ ഹാജരാക്കേണ്ടത്. ഖത്തറിലേക്കുള്ള യാത്രക്കുമുമ്പായി ഹയ്യ ആപ്പിലെ എൻട്രി പെർമിറ്റ് വിശദമായി പരിശോധിക്കാനും യാത്രാതടസ്സങ്ങൾ ഒഴിവാക്കുന്നതിന് എൻട്രി പെർമിറ്റിലെ വിവരങ്ങളും പാർസ്പോർട്ടിലെ വിവരങ്ങളും ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെടുന്നു.

ഹയ്യ അക്കൗണ്ടിലെ വിവരങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ താഴെ.

അക്കൗണ്ട് ലോഗിൻ ചെയ്യുക.

മൈ കാർഡ് ക്ലിക്ക് ചെയ്യുക.

മെനുവിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് തിരഞ്ഞെടുക്കുക.

തെറ്റായ വിവരങ്ങൾ തിരുത്തിയതിനുശേഷം റിവ്യൂ(അവലോകനം) ചെയ്ത് സമർപ്പിക്കുക.

അംഗീകാരത്തിനായി കാത്തിരിക്കുക.

അംഗീകാരം ലഭിക്കുന്നതോടെ അപ്ഡേറ്റ ചെയ്ത എൻട്രി പെർമിറ്റ് ആക്സസ് ചെയ്യാൻ ഉപയോക്താവിന് സാധിക്കും.

മൂന്ന് സൗജന്യ സേവനങ്ങളാണ് ഹയ്യ കാർഡുള്ളവർക്ക് ലഭിക്കുക. സൗജന്യ മെട്രോ യാത്ര, സൗജന്യ ബസ് യാത്ര, സൗജന്യ സിം കാർഡ്. ലോകകപ്പിന്റെ എട്ട് വേദികളിലേക്കും എത്തിച്ചേരാനുള്ള എളുപ്പമാർഗമാണ് ദോഹ മെട്രോ. അഞ്ച് സ്റ്റേഡിയങ്ങളുമായി നേരിട്ടും മൂന്ന് സ്റ്റേഡിയങ്ങളെ ഷട്ടിൽ ബസ് സർവിസുമായും ദോഹ മെട്രോ ബന്ധിപ്പിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങളിലേക്കും വിനോദ കേന്ദ്രങ്ങളിലേക്കും ഖത്തറിലെ മുഴുവൻ സുപ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കും എത്തിച്ചേരുന്നതിന് സുരക്ഷിതവും എളുപ്പവുമായ യാത്രക്ക് പൊതു ഗതാഗത ബസുകൾ ആവശ്യമാണ്.

വിവിധ സേവനങ്ങളിൽ ഇളവുകൾ
ലോകകപ്പിലുടനീളം നിരവധി വിനോദ, കലാ, സാംസ്കാരിക പരിപാടികളാണ് സംഘാടകർ ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്. ചില വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതിനും പ്രവേശിക്കുന്നതിനും ടിക്കറ്റുകൾ ആവശ്യമാണ്. https://www.tixbox.com/ar/events/ വഴി ഹയ്യ കാർഡ് ഉപയോക്താക്കൾക്ക് വലിയ ഇളവുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ലോകകപ്പിലെ ഗ്രൂപ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നതോടെ ഡിസംബർ രണ്ടുമുതൽ ടിക്കറ്റില്ലാതെയും ആരാധകർക്ക് ഹയ്യ കാർഡിനായി അപേക്ഷിക്കാം. ടിക്കറ്റില്ലാത്തവർക്കും ലോകകപ്പ് അന്തരീക്ഷം ആസ്വദിക്കാനുള്ള അവസരമാണ് അധികൃതർ ഇതിലൂടെ മുന്നോട്ടുവെക്കുന്നത്.ലോകകപ്പ് സമയത്ത് രാജ്യത്ത് പ്രവേശിക്കണമെങ്കിൽ ഹയ്യ കാർഡ് നിർബന്ധമാണ്.

ടിക്കറ്റില്ലാത്തവർക്ക് ഹയ്യ കാർഡ് വെബ്സൈറ്റ് വഴിയോ ഹയ്യ ആപ്ലിക്കേഷൻ വഴിയോ അപേക്ഷ സമർപ്പിക്കാം.ഖത്തറിൽ താമസിക്കുന്നതിനുള്ള താമസസ്ഥലം തിരഞ്ഞെടുത്ത രേഖകളും 500 റിയാലും ടിക്കറ്റില്ലാത്തവർ ഹയ്യ കാർഡിനായി നൽകണം. അതേസമയം, 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഫീസടക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.