1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2022

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നവംബര്‍ 20ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലോകം ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കാഴ്ചകളൊരുക്കിയാവും ഖത്തര്‍ ലോകകപ്പിന് തിരശ്ശീല ഉയരുക.

ഉദ്ഘാടന ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഉദ്ഘാടന വേദിയുടെ ഗേറ്റുകള്‍ തുറക്കുമെന്ന് ടൂര്‍ണമെന്റിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയിലെ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇവന്റ് എക്‌സ്പീരിയന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ മൗലവി വ്യാഴാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നു മണി മുതല്‍ തന്നെ കാണികള്‍ക്ക് പ്രവേശനം അനുവദിക്കും.

അവസാന ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ച് എത്തുന്നതു മൂലമുള്ള തിരക്ക് ഒഴിവാക്കാന്‍ 60,000 സീറ്റുകളുള്ള വേദിയിലേക്ക് ടിക്കറ്റെടുത്തിട്ടുള്ളവര്‍ നേരത്തെ തന്നെ എത്തിച്ചേരണമെന്നും ആരാധകരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എല്ലാ ടിക്കറ്റ് ഉടമകളും ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഡിയത്തില്‍ എത്തുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ലോകത്തെ വിസ്മയിപ്പിക്കാന്‍ എന്തൊക്കെ അദ്ഭുത പ്രകടനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത് എന്ന ചോദ്യത്തിന്, അത് ഗംഭീരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നമുക്ക് കാത്തിരുന്ന് കാണാമെന്നുമാണ് അദ്ദേഹം നല്‍കിയ മറുപടി. ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകള്‍ നവംബര്‍ ഏഴു മുതല്‍ ഖത്തറില്‍ എത്തിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ദോഹയില്‍ ഇറങ്ങുന്ന ആദ്യ ടീമിം ജപ്പാന്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡുടമകളായ ഫുട്‌ബോള്‍ ആരാധകര്‍ നവംബര്‍ ഒന്നു മുതല്‍ തന്നെ രാജ്യത്തേക്ക് എത്തിത്തുടങ്ങി. ടിക്കറ്റില്ലാത്ത ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഡിസംബര്‍ രണ്ട് മുതലാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക; അതായത് ടൂര്‍ണമെന്റിലെ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം.

ലോകകപ്പിനായി വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ ഖത്തര്‍ ഒരുക്കിയിരിക്കുന്ന വ്യോമപ്രതിരോധത്തിന്റെ കരുത്ത് അറിയിക്കാന്‍ വെസ്റ്റ് ബേയിലും ദോഹ കോര്‍ണിഷിലും നവംബര്‍ അഞ്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് എയര്‍ ഷോ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഡയരക്ടറേറ്റ് ഓഫ് മോറല്‍ ഗൈഡന്‍സ് അറിയിച്ചു. അമീരി എയര്‍ഫോഴ്‌സ്, അല്‍ സയീം മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ എയര്‍ കോളേജ്, 12-ാമത് ജോയിന്റ് സ്‌ക്വാഡ്രണ്‍, സൗദി ഫാല്‍ക്കണ്‍സ് ടീം, ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെ എയ്‌റോബാറ്റിക് ടീം (റെഡ് ആരോസ്) എന്നിവ എയര്‍ ഷോയില്‍ പങ്കെടുക്കുമെന്നും ഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.