1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2022

സ്വന്തം ലേഖകൻ: ലോക ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിനുള്ള അടുത്ത ടിക്കറ്റ് വില്‍പന ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. ഖത്തര്‍ സമയം ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന ടിക്കറ്റ് വില്‍പ്പന ആഗസ്ത് 16 ഉച്ചക്ക് 12 മണി വരെ നീണ്ടു നില്‍ക്കും. ഇതുവരെയുള്ള നറുക്കെടുപ്പ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ഇനിയുള്ള ടിക്കറ്റ് വില്‍പ്പന സംവിധാനിച്ചിരിക്കുന്നത്. അതിനാല്‍ ലോകകപ്പിന് ഖത്തറിലെത്താന്‍ താല്‍പര്യമുള്ളവര്‍ എത്രുയം വേഗം ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

ആകെ 18 ലക്ഷം ടൂര്‍ണമെന്റ് ടിക്കറ്റുകളാണ് വിവിധ ഘട്ടങ്ങളിലായി ഇതിനകം വില്‍പ്പന നടത്തിയത്. കിക്കോഫിന് ഇനി അഞ്ച് മാസത്തില്‍ താഴെ മാത്രം സമയം ബാക്കി നില്‍ക്കെ ടിക്കറ്റ് സ്വന്തമാക്കാന്‍ ഫുട്‌ബോള്‍ ആരാധകരുടെ വന്‍ തിരക്കാണ് ഈ ഘട്ടത്തില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. നറുക്കെടുപ്പ് രീതി അല്ലാത്തതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട ആവശ്യം വരില്ലെന്ന പ്രത്യേകത ഇത്തവണയുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത് പണം അടച്ചാല്‍ ഉടന്‍ ടിക്കറ്റ് ലഭിക്കുമെന്നതാണ് ഇത്തവണത്തെ സവിശേഷത.

പ്രത്യേകമായി സംവിധാനിച്ച ക്യൂ മാനേജ്മെന്റ് സിസ്റ്റത്തിലൂടെയായിരിക്കും ടിക്കറ്റ് വില്‍പ്പനയെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ഫുട്‌ബോള്‍ ആരാധകരുള്ള കാനഡ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, സൗദി അറേബ്യ, സ്പെയിന്‍, യുഎഇ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ബുക്കിംഗ് പ്രതീക്ഷിക്കുന്നത്. ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിന് 32 ടീമുകള്‍ യോഗ്യത നേടിയതിനാല്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വലിയ താല്‍പ്പര്യവും ആവേശവും അലയടിക്കുമെന്നാണ് പ്രതീക്ഷ.

വ്യക്തിഗത മത്സര ടിക്കറ്റുകള്‍ നാല് വില വിഭാഗങ്ങളിലും ലഭ്യമാകുമെന്ന് ഫിഫ അറിയിച്ചു. കാറ്റഗറി-4 ടിക്കറ്റുകള്‍ ഖത്തറിലെ താമസക്കാര്‍ക്കായി മാത്രം റിസര്‍വ് ചെയ്തിരിക്കുകയാണ്. ഒരാള്‍ക്ക് ഒരു മത്സരത്തിന്റെ ആറ് ടിക്കറ്റുകള്‍ വരെ സ്വന്തമാക്കാം. ടൂര്‍ണമെന്റിലുടനീളം പരമാവധി 60 ടിക്കറ്റുകള്‍ വരെ ഒരാള്‍ക്ക് വാങ്ങാനാകും. നിയമങ്ങള്‍ക്കനുസൃതമായി ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഒരേ ദിവസം ഒന്നിലധികം ഗ്രൂപ്പ് ഗെയിമുകളില്‍ പങ്കെടുക്കാനുള്ള അവസരവുമുണ്ട്.

വികലാംഗര്‍ക്കും പരിമിതമായ ചലനശേഷിയുള്ള ആളുകള്‍ക്കും പ്രത്യേകമായി നല്‍കുന്ന ആക്‌സെസിബിലിറ്റി ടിക്കറ്റുകള്‍ക്ക് അവസരമുണ്ടായിരിക്കുമെന്നും അധികൃതയും അറിയിച്ചു. അതേസമയം, ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ നേടാനുള്ള ഏക ഔദ്യോഗിക ചാനല്‍ FIFA.com/tickets ആണെന്ന് ഫിഫ ഓര്‍മപ്പെടുത്തി. വ്യാജ വെബ്‌സൈറ്റുകളുടെയും മറ്റും കെണിയില്‍ പെടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.