1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2022

സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റ് ബുക്കിങ്ങിന്റെ പ്രാഥമിക ഘട്ടം നാളെ ഉച്ചയ്ക്ക് ദോഹ പ്രാദേശിക സമയം 1.00 ന് അവസാനിക്കും. പ്രാഥമിക ഘട്ടത്തിലെ റാൻഡം സെലക്​ഷൻ ഡ്രോയ്ക്ക് ജനുവരി 19നാണ് തുടക്കമായത്. വ്യക്തിഗത മത്സര ടിക്കറ്റ്, ടീം സ്പെസിഫിക് സീരീസ്, ഫോർ-സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നിങ്ങനെ 3 തരം ടിക്കറ്റുകൾക്കുള്ള ബുക്കിങ്ങാണ് ആദ്യ ഘട്ടത്തിലുള്ളത്.

അംഗപരിമിതർക്കും ചലനശേഷി കുറഞ്ഞവർക്കുമുള്ള അക്സസിബിലിറ്റി ടിക്കറ്റുകൾ ഈ 3 വിഭാഗത്തിലും ലഭിക്കും. ഫിഫ ലോകകപ്പിന്റെ 30 ലക്ഷത്തിലധികം വരുന്ന മൊത്തം ടിക്കറ്റിന്റെ മൂന്നിലൊന്നാണ് ആദ്യ ഘട്ടത്തിലേയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഖത്തറിലെ താമസക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ-40 റിയാലിന്- ടിക്കറ്റ് ലഭിക്കും. 1990 ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കാണികൾക്ക് ഇഷ്ടമുള്ള നിശ്ചിത മത്സരത്തിന് മാത്രമായുള്ള ടിക്കറ്റാണ് വ്യക്തിഗത മത്സര ടിക്കറ്റ്. 4 കാറ്റഗറികളിലായി ലഭിക്കുന്ന ടിക്കറ്റിൽ 4-ാമത്തെ കാറ്റഗറി ഖത്തറിലെ താമസക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്. ഖത്തർ പ്രവാസികൾക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 40 റിയാൽ (ഏകദേശം 800-820 ഇന്ത്യൻ രൂപ )ആണ്. വിദേശ കാണികൾക്കായുള്ള കുറഞ്ഞ നിരക്ക് 250 റിയാൽ (5,000-5,100 ഇന്ത്യൻ രൂപ) ആണ്.

ഇഷ്ടടീമിന്റെ മത്സരം കാണാൻ മാത്രമുള്ള ടീം സ്പെസിഫിക്ക് ടിക്കറ്റുകളിൽ കുറഞ്ഞ നിരക്ക് 825 റിയാൽ (16,500-16,800 ഇന്ത്യൻ രൂപ) ആണ്. ഇഷ്ടമുള്ള തീയതികളിൽ 4 വ്യത്യസ്ത സറ്റേഡിയങ്ങളിലായി 4 മത്സരങ്ങൾ കാണാനുള്ള ഫോർ-സ്റ്റേഡിയം മത്സര ടിക്കറ്റിന്റെ കുറഞ്ഞ നിരക്ക് 1,000 റിയാൽ (20,000-20,300 ഇന്ത്യൻ രൂപ) ആണ്. അക്സസിബിലിറ്റി ടിക്കറ്റിന്റെയും കുറഞ്ഞ നിരക്ക് 40 റിയാൽ (800-820 ഇന്ത്യൻ രൂപ) ആണ്.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ : https://www.qatar2022.qa/en/tickets, https://www.fifa.com/tournaments/mens/worldcup/qatar2022/tickets ആദ്യ ഘട്ട ബുക്കിങ്ങിൽ ലഭിച്ച അപേക്ഷകളുടെ റാൻഡം തിരഞ്ഞെടുപ്പ് മാർച്ച് 8ന് തുടങ്ങും. നറുക്കെടുപ്പിലൂടെ ടിക്കറ്റിന് അർഹരായവരെ പ്രഖ്യാപിക്കുകയും ഇവർക്ക് ഇ-മെയിൽ വഴി അറിയിപ്പ് ലഭിക്കുകയും ചെയ്യും. തുടർന്ന് ഓൺലൈൻ വഴി പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കാം. ഏപ്രിലിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ ഡ്രോയ്ക്ക് ശേഷം വിൽപനയുടെ അടുത്ത ഘട്ടം തുടങ്ങും.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. ലോകകപ്പ് ഫൈനലിന് ആതിഥ്യമുരുളുന്ന അതിമനോഹരമായ ലുസൈല്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായി. ഉടന്‍ തന്നെ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് സുപ്രിം കമ്മിറ്റിക്കു കീഴിലെ മാര്‍ക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ഖാലിദ് അല്‍ മൗലവി അറിയിച്ചു. ലോകകപ്പിനായി ഖത്തര്‍ ഒരുക്കുന്ന എട്ട് സ്റ്റേഡിയത്തിലെ അവസാനത്തെ സ്റ്റേഡിയമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.