1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2022

സ്വന്തം ലേഖകൻ: ഖത്തറില്‍ ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ നീതിന്യായ മന്ത്രാലയം. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ അനുമതിയില്ലാതെ ഒരാള്‍ വാങ്ങിയ ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്താല്‍ അവരെ കാത്തിരിക്കുന്നത് രണ്ടര ലക്ഷം ഖത്തര്‍ റിയാല്‍ പിഴയാണ്. അതായത് 50 ലക്ഷം രൂപയിലേറെ തുക. മന്ത്രാലയത്തിന്റെ ട്വിറ്റര്‍ സന്ദേശത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നേരിട്ടോ ഓണ്‍ലൈനായോ ടിക്കറ്റ് വില്‍പ്പനയ്ക്ക് വയ്ക്കുക, അത് മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുക, ലേലത്തിന് വയ്ക്കുക, മറ്റൊരാള്‍ക്ക് കൈമാറുക, ഈ പ്രവൃത്തികള്‍ ചെയ്യാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തുക തുടങ്ങിയവയ്ക്ക് പിടിക്കപ്പെടുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോകകപ്പ് ടിക്കറ്റ് പരസ്യത്തിലും ട്രാവല്‍ പാക്കേജിലുമൊക്കെ ഉപയോഗപ്പെടുത്തുന്നതിനും വിലക്കുണ്ട്. ഏതെങ്കിലും രീതിയിലുള്ള പ്രൊമോഷനുകള്‍ക്ക് വേണ്ടിയോ മല്‍സരങ്ങള്‍ക്കോ നറുക്കെടുപ്പിനോ ഉള്ള സമ്മാനമായോ ടിക്കറ്റ് ഉപയോഗിക്കാന്‍ പാടില്ല.

ലോകകപ്പ് ടിക്കറ്റ് ലഭിച്ചവര്‍ അത് സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ കൈമാറാനോ വില്‍ക്കാനോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ഫിഫ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമേ പാടുള്ളൂ. അല്ലാത്ത രീതിയിലുള്ള എല്ലാ കൈമാറ്റങ്ങളും നിയമവിരുദ്ധമാണ്. ഇരത്തിലുള്ള ഏത് കുറ്റത്തിന് പിടിക്കപ്പെട്ടാലും രണ്ടര ലക്ഷം റിയാല്‍ തന്നെയായിരിക്കും പിഴ. ഈ രീതിയില്‍ കൈമാറപ്പെടുന്ന ടിക്കറ്റ് അതോടെ അസാധുവാകുമെന്നും അധികൃതര്‍ അറിയിച്ചു. അത് ഉപയോഗിച്ച് മല്‍സരങ്ങള്‍ കാണാനാവില്ല.

ടിക്കറ്റ് ലഭിച്ചയാള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ കളി കാണാന്‍ കഴിയാത്ത സ്ഥിതി വരികയോ കളി കാണാന്‍ താല്‍പര്യമില്ലാത്ത അവസ്ഥ ഉണ്ടാവുകയോ ചെയ്താല്‍ ഈ ടിക്കറ്റ് ഫിഫയുടെ ഓണ്‍ലൈന്‍ റീസെയില്‍ പ്ലാറ്റ് ഫോം വഴി മറ്റൊരാള്‍ക്ക് നല്‍കാം. അല്ലാതെ നേരിട്ട് മറ്റൊരാള്‍ക്ക് കൈമാറാനാവില്ല. അല്ലാതെ കൈമാറുന്ന ടിക്കറ്റുകള്‍ മുന്നറിയിപ്പില്ലാതെ തന്നെ അസാധുവാകും.

ടിക്കറ്റ് സ്വന്തമാക്കിയ പ്രധാന ആപ്ലിക്കന്റിനെ ഒരു കാരണവശാലും മാറ്റാനാവില്ല. എന്നാല്‍ അതിഥികള്‍ക്കായി എടുത്ത ഗസ്റ്റ് ടിക്കറ്റുകള്‍ മറ്റൊരാള്‍ക്ക് നല്‍കുന്നതിന് തടസ്സമില്ല. അതേസമയം, ഗസ്റ്റ് ടിക്കറ്റ് ലഭിച്ചയാള്‍ക്ക് കളി കാണാന്‍ സാധിക്കാത്ത സ്ഥിതി വന്നാല്‍ അത് പ്രധാന ആപ്ലിക്കന്റിന് തിരിച്ചു നല്‍കണം. അത് മറ്റൊരാള്‍ക്ക് നല്‍കാന്‍ ആപ്ലിക്കന്റിന് അധികാരമുണ്ടായിരിക്കും. എന്നാല്‍ ഗസ്റ്റ് ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് അത് മറ്റൊരാള്‍ക്ക് കൈമാറാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.