1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2020

സ്വന്തം ലേഖകൻ: ഖത്തറിലേക്ക്​ തിരിച്ചുവരാൻ ഇന്ത്യക്കാർക്ക്​ അനുമതി ലഭിച്ച സാഹചര്യത്തിൽ മടങ്ങിവരാൻ ആവശ്യമായ വിമാനങ്ങളൊരുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഖത്തറിലെ പ്രവാസി സംഘടനകൾ സംയുക്തനീക്കത്തിന്​. മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾക്കുള്ള വിലക്ക്​ ഇന്ത്യൻ സർക്കാർ ആഗസ്​റ്റ്​ 31 വരെ നീട്ടിയ സാഹചര്യത്തിൽ ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ്​ പ്രതിസന്ധിയിലായിരിക്കുകയാണ്​.

സാധാരണ യാത്രവിമാനങ്ങൾ ഇന്ത്യ അനുവദിക്കുകയാണ്​ ഏറ്റവും നല്ല മാർഗം. നിലവിലെ സാഹചര്യത്തിൽ അതിന്​ കഴിയില്ലെങ്കിൽ ഇന്ത്യയും ഖത്തറും പ്രത്യേക കരാറിൽ ഏർപ്പെട്ട്​ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള സൗകര്യമൊരുക്കണം. ഇതിനകം യു.എ.ഇ, കുവൈത്ത്​ രാജ്യങ്ങൾ ഇത്തരത്തിൽ സംവിധാനമൊരുക്കി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നുണ്ട്​. എന്നാൽ, ഖത്തറിൽ ഇത്തരം സംവിധാനങ്ങൾ ഇതുവരെ ആയിട്ടില്ല.

ഈ സാഹചര്യത്തിലാണ്​ വിവിധ പ്രവാസി സംഘടനകൾ കഴിഞ്ഞ ദിവസം യോഗം ചേർന്നത്​. കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകരടക്കം ഖത്തറിൽ തിരികെയെത്തിയിട്ടുണ്ട്​. വ​ന്ദേ ഭാരത്​ പദ്ധതിയിൽ ഖത്തറിലേക്ക്​ വരുന്ന വിമാനങ്ങളിലായിരുന്നു ഇത്​. ഹമദ്​ മെഡിക്കൽ കോർപറേഷൻ വിമാന കമ്പനികളുമായി നേരിട്ട്​ ബന്ധപ്പെട്ടാണ്​ ഇതിന്​ സൗകര്യമൊരുക്കിയിരുന്നത്​. ഇത്തരം വിമാനങ്ങളിൽ ആരോഗ്യപ്രവർത്തകർ അല്ലാത്ത ചിലരും ഖത്തറിൽ തിരിച്ചെത്തിയിരുന്നു.

എന്നാൽ, വന്ദേ ഭാരത്​ വിമാനങ്ങളിൽ ഖത്തറിൽ എത്താൻ ശ്രമിക്കരുതെന്ന്​ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം മുന്നറിയിപ്പ്​ നൽകിയിരുന്നു. ആഗസ്​റ്റ്​ ഒന്നുമുതൽ വിദേശങ്ങളി​ലുള്ള പ്രവാസികൾക്ക്​ തിരിച്ചെത്താൻ ഖത്തർ അനുമതി നൽകിയിട്ടുണ്ട്​. പ്രത്യേക എൻട്രി പെർമിറ്റ്​ എടുത്തവർക്ക്​ തിരിച്ചെത്താൻ കഴിയും.

നിലവിൽ ഖത്തറിൽനിന്ന്​ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വന്ദേ ഭാരത്​ പദ്ധതിക്ക്​ കീഴിൽ വിമാനങ്ങൾ നാട്ടിൽനിന്ന്​ വരുന്നുണ്ട്​. ഈ വിമാനങ്ങളിൽ ഖത്തറിലേക്കുള്ള ടിക്കറ്റ്​ ബുക്കിങ്​ ഇൻഡിഗോയും എയർഇന്ത്യയും തുടങ്ങിയിരുന്നു​. എന്നാൽ, ഇത്തരത്തിൽ വന്ദേ ഭാരത്​ വിമാനങ്ങളിൽ സാധാരണ യാത്രക്കാർക്ക്​ മടങ്ങിയെത്താൻ ഔദ്യോഗിക അനുമതിയുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഈ സാഹചര്യത്തിലാണ്​ ഇന്ത്യൻ എംബസി മുന്നറിയിപ്പുമായി രംഗത്തുവന്നത്. നാട്ടിൽ കുടുങ്ങിയ, ഖത്തറിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഖത്തരി വിസയുള്ളവർക്കായി പ്രത്യേക യാ​ത്രസംവിധാനമൊരുക്കുന്നത് ആലോചനയിലാണെന്നും​ എംബസി അറിയിച്ചിരുന്നു. ഉറപ്പില്ലാത്ത യാത്രക്കായി വന്ദേ ഭാരത്​ വിമാനങ്ങളിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്യരുത്​. ഔദ്യോഗിക വിവരങ്ങളെ മാത്രമേ ഇക്കാര്യത്തില്‍ ആശ്രയിക്കാവൂവെന്നും എംബസി പറയുന്നു.

അതേസമയം, കൊവിഡ് പ്രതിസന്ധിയിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയവർക്ക്​​ താമസ വിസയുടെ കാലാവധി കഴിഞ്ഞയിനത്തിലുള്ള​ ഫീസ്​ വേണ്ടെന്ന്​ ഖത്തർ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത്​ ആശ്വാസമായിട്ടുണ്ട്​. ഇത്തരം വിദേശികളെ റെസിഡൻസി പെർമിറ്റ് (ആർ.പി) കാലാവധി കഴിഞ്ഞതിനുള്ള ഫീസിൽനിന്ന്​ ഒഴിവാക്കി.കൊവിഡിന് തൊട്ടുമുമ്പ് നാട്ടിൽ പോയി അവിടെ കുടുങ്ങിയവരുടെ വിസ കാലാവധിയടക്കം തീർന്ന സ്ഥിതിയാണ്​. ഗൾഫ് ​രാജ്യങ്ങൾ വിസ കാലാവധി സംബന്ധിച്ച്​ ഇളവ്​ നൽകിയിട്ടുണ്ട്​. എന്നാൽ, പ്രവാസികളുടെ മടങ്ങിവരവിന്​ തങ്ങൾ അനുമതി നൽകിയ സ്ഥിതിക്ക്​ ഇനി അത്തരം ഇളവുകൾ ഗൾഫ്​ രാജ്യങ്ങൾ തുടരാൻ സാധ്യതയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.