1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2023

സ്വന്തം ലേഖകൻ: ഇൻഫ്ലുവൻസ വാക്സിനെടുക്കാൻ പൊതുജനങ്ങളെ ഓർമിപ്പിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി). ഖത്തറിൽ പ്രതിവർഷം നൂറുകണക്കിനാളുകളാണ് പനിയും അതിന്റെ സങ്കീർണതകളും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നും എച്ച്.എം.സി കൂട്ടിച്ചേർത്തു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, എച്ച്.എം.സി ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ, ഖത്തറിലുടനീളമുള്ള 40ലധികം സ്വകാര്യ, അർധ സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് ഇൻഫ്ലുവൻസ വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

ഈ വർഷത്തെ ഇൻഫ്ലുവൻസയെ നിസ്സാരമായിക്കാണരുതെന്നും സൗജന്യ ഫ്ലൂ വാക്സിൻ എന്നത്തേക്കാളും പ്രധാനമാണെന്നും സൗജന്യ ഫ്ലൂ ഷോട്ട് ഇന്നുതന്നെ എടുക്കൂവെന്നും എച്ച്.എം.സി വ്യക്തമാക്കി. ഓരോ വർഷവും അഞ്ഞൂറിലധികം ആളുകൾ പനി ബാധിച്ചും അതിന്റെ പ്രയാസങ്ങളനുഭവിച്ചും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. ‘ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഫ്ലൂ രോഗങ്ങൾ, ഡോക്ടറുടെ അടുത്തേക്കുള്ള സന്ദർശനങ്ങൾ, ഫ്ലൂ കാരണം ജോലിയും പഠനവും നഷ്ടപ്പെടുന്നത് എന്നിവ കുറക്കാം.

അതോടൊപ്പം ഫ്ലൂ സംബന്ധമായ ആശുപത്രി വാസവും മരണവും തടയുകയും ചെയ്യാം’ -അധികൃതർ വിശദീകരിച്ചു. രക്തചംക്രമണം ചെയ്യുന്ന ഇൻഫ്ലുവൻസ വൈറസുകൾക്ക് എല്ലാ വർഷവും മാറ്റം സംഭവിക്കും. അതിനാലാണ് വർഷംതോറും വാക്സിൻ സ്വീകരിക്കേണ്ടിവരുന്നത്. ഫ്ലൂ ഒരു ഗുരുതരമായ രോഗാവസ്ഥയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനും ഗുരുതരാവസ്ഥയിലെത്തി മരണംവരെ സംഭവിക്കാനും അതിടയാക്കും. അതിനെ ഒരിക്കലും വിലകുറച്ച് കാണരുത് -എച്ച്.എം.സി ആവർത്തിച്ചു.

ഇൻഫ്ലുവൻസ വാക്സിനെടുത്ത് അടുത്ത ഒമ്പതു മാസത്തേക്ക് അതിന്റെ പ്രതിരോധശേഷി നിലനിൽക്കുമെന്നും പിന്നീട് അത് കുറയാൻ തുടങ്ങുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ മേധാവി ഡോ. സുഹ അൽ ബയാത് ഈയിടെ വ്യക്തമാക്കിയിരുന്നു. 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗാവസ്ഥയിലുള്ളവർ, ആറു മാസത്തിനും അഞ്ചു വയസ്സിനും ഇടയിലെ കുഞ്ഞുങ്ങൾ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ എന്നിവർക്ക് സീസണൽ ഇൻഫ്ലുവൻസ ബാധിക്കാൻ സാധ്യതയേറെയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.