
സ്വന്തം ലേഖകൻ: ഖത്തറില്‍ ഞായറാഴ്ച മുതല്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിക്കും. കൊവിഡ്-19 നിയന്ത്രണങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിക്കുന്നതായി തൊഴില്‍ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ കമ്പനികളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷമേ റിക്രൂട്ട്‌മെന്റ് അനുവദിക്കുകയുള്ളു. തൊഴിലാളികള്‍ക്ക് മിനിമം വേതന വ്യവസ്ഥ, ഉചിതമായ താമസ സൗകര്യങ്ങള്‍ എന്നിവ കമ്പനികള്‍ നിര്‍ബന്ധമായും ഉറപ്പാക്കുകയും വേണം.
ദുരന്തനിവാരണ ഉന്നതാധികാര കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്ന പ്രവേശന വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടു മാത്രമേ ഖത്തറിലേയ്ക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. ജീവനക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റിനായി തൊഴിലുടമകളാണ് അപേക്ഷിക്കേണ്ടത്. കമ്പനി ജീവനക്കാര്‍ 14 ദിവസം നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. ജീവനക്കാരുടെ ക്വാറന്റീന്‍ ചെലവ് തൊഴിലുടമയാണ് നല്‍കേണ്ടത്.
പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അഭിമുഖവും മറ്റ് നടപടികളും പൂര്‍ത്തിയാക്കി വീസയ്ക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ പ്രഖ്യാപനം ഏറെ ആശ്വാസമാകും. രാജ്യത്തിന്റെ തന്ത്രപ്രധാനമായ എല്ലാ പദ്ധതികളും 2022 അവസാനിക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി നിര്‍ദേശം നൽകി.
അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ദേശം. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങി പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തത്തിലുള്ള പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവ നിശ്ചിത ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കണം. പദ്ധതികള്‍ നടപ്പാക്കാനുള്ള പിന്തുണ നല്‍കാന്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയത്തിനും നിര്‍ദേശം നല്‍കി.
സര്‍ക്കാരിന്റെ പദ്ധതികളില്‍ ഓരോ സ്ഥാപനങ്ങളും തൊഴില്‍ സ്ഥാനങ്ങളുടെ ക്രമീകരണം, വിഭജനം, വിശദീകരണം എന്നിവ സംബന്ധിച്ചും തൊഴില്‍ നടപടികള്‍, തൊഴില്‍ പദ്ധതി എന്നിവയെക്കുറിച്ചും പ്രത്യേകമായി പ്രോജക്ട് തയാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി മന്ത്രിസഭയില്‍ അവതരിപ്പിച്ചു. വിദേശ കാര്യാലയങ്ങളുടെ ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം സംബന്ധിച്ച 1980 ലെ ഒന്നാം നമ്പര്‍ നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശവും മന്ത്രിസഭ വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല