1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2017

സ്വന്തം ലേഖകന്‍: ജിസിസി രാജ്യങ്ങള്‍ മുന്നോട്ടു വച്ച ഉപാധികള്‍ ഗൗനിക്കാതെ ഖത്തര്‍, ഉപരോധം കര്‍ശനമാക്കാന്‍ ഒരുങ്ങി സൗദി സഖ്യം, വിശുദ്ധ ഹജ്ജ് കര്‍മ്മത്തെക്കുറിച്ചും തര്‍ക്കം മുറുകുന്നു. പ്രശ്‌ന പരിഹാരത്തിന് മുന്നോട്ടുവച്ച ഉപാധികളുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ ഖത്തറിനോടുള്ള സമീപനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അറബ് സഖ്യരാഷ്ട്രങ്ങള്‍ വ്യക്തമാക്കി. ഭീകര സംഘടനകളോടുള്ള സമീപനം എന്താണെന്ന് ഖത്തര്‍ വ്യക്തമാക്കുകയും ഭീകരവിരുദ്ധ പോരാട്ടത്തില്‍ അണിചേരുകയും വേണമെന്നാണ് ആവശ്യമുയരുന്നത്.

ബഹ്‌റൈനില്‍ നടന്ന യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സഖ്യ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ നിലപാട് കടുപ്പിച്ചത്. ഉപാധികളുടെ കാര്യത്തില്‍ ഉറപ്പുതന്നാല്‍ ഖത്തറുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അറബ് സഖ്യരാഷ്ട്രങ്ങള്‍ വ്യക്തമാക്കി. മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീകരത വന്‍ഭീഷണിയാണെന്ന് ഖത്തര്‍ തിരിച്ചറിയണം. സഖ്യരാഷ്ട്രങ്ങള്‍ മുന്നോട്ടുവച്ച ആറു പ്രധാനകാര്യങ്ങള്‍ രാജ്യാന്തര സമൂഹത്തിന്റെ കൂടി ആവശ്യമാണ്.

പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്നും ഒത്തുതീര്‍പ്പിന് പുറമെ നിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും വ്യക്തമാക്കി. ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഖത്തര്‍ അവസാനിപ്പിക്കണമെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.

രാജ്യങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തുന്ന നിലപാടുകളില്‍ നിന്നു പിന്തിരിയുകയും മേഖലാരാജ്യാന്തര കരാറുകള്‍ മാനിക്കുകയും വേണം. ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകരുടെ കാര്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കങ്ങളെ അപലപിക്കുന്നതായി സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. അതിനിടെ പുണ്യസ്ഥലങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാക്കണമെന്ന ഖത്തറിന്റെ ആവശ്യം ഹജ്ജ് കര്‍മ്മത്തേയും പ്രതിസന്ധിയുടെ ഭാഗമാക്കി.

ഈ ആവശ്യം സൗദി അറേബ്യക്കെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന്ഖത്തര്‍ പ്രതിസന്ധി വിശകലനം ചെയ്യാന്‍ മനാമയില്‍ ചേര്‍ന്ന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആരോപിച്ചു. പുണ്യസ്ഥലങ്ങള്‍ അന്താരാഷ്ട്രവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിലൂടെ ശത്രുവിന്റെ കളത്തില്‍ ഖത്തറും സ്ഥാനം പിടിച്ചിരിക്കുകയാണെന്ന് ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.

നേരത്തെ ഇറാനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇറാനുമായി സഹകരിച്ച ഏത് രാജ്യത്തിനും നാശം മാത്രമാണ് ഉണ്ടായിട്ടുള്ളത്.ഹജ്ജിനെ രാഷ്ട്രീയവത്കരിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമം അംഗീകരിക്കില്ല. ലോകത്തിന്റെ ഏതുഭാഗുള്ള മുസ്ലിംകളെയും പുണ്യസ്ഥലങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. അതുപോലെ ഖത്തര്‍ പൗരന്‍മാരെയും സ്വാഗതം ചെയ്യുന്നതായി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.

മനാമയില്‍ നടന്ന യോഗത്തില്‍ സൗദി, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്തു. ഇറാനുമായുള്ള ബന്ധത്തെ തുടര്‍ന്ന് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് അറബ് രാഷ്ട്രങ്ങള്‍ ഖത്തറിനു ഉപരോധം ഏര്‍പ്പെടുത്തിയത്. അറബ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിനായി കുവൈത്ത്, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങള്‍ നിരവധി തവണ ശ്രമിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.