
സ്വന്തം ലേഖകൻ: ലോകത്ത് അതീവ ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പുതിയ കര്‍മ്മപദ്ധതിയുമായി ഖത്തര്‍. 2030 ഓടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം 25 ശതമാനം കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ഈ ലക്ഷ്യത്തോടെ പുതിയ ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ദ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദന കേന്ദ്രങ്ങളുടെയും അനുബന്ധ സംവിധാനങ്ങളുടെയും കാര്‍ബണ്‍ തീവ്രത 25 ശതമാനം കണ്ട് കുറയ്ക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. റിയാദില്‍ ചേര്‍ന്ന പശ്ചിമേഷ്യന്‍ പരിസ്ഥിതി ഉച്ചകോടിയിലെ തീരുമാനങ്ങള്‍ക്കനുസൃതമായാണ് ഖത്തറിന്റെ പുതിയ പ്രഖ്യാപനം.
2060 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തയാഴ്ച്ച ഗ്ലാസ്ഗോയില്‍ നടക്കുന്ന സുപ്രധാന സിഒപി26 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കു മുമ്പായാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ടുവന്നിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) നിര്‍മാതാക്കള്‍ കൂടിയാണ് ഖത്തര്‍. 2027 ഓടെ ഉല്‍പ്പാദനം ഗണ്യമായി കൂട്ടാന്‍ രാജ്യം നേരത്തേ തീരുമാനിച്ചിരുന്നു. 127 മില്യണ്‍ ടണ്‍ ആയി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് തീരുമാനം. എണ്ണ, കല്‍ക്കരി തുടങ്ങി മലിനീകരണ തോത് കുടുതലുള്ള ഇന്ധനങ്ങളില്‍ നിന്ന് പുനരുപയോഗിക്കാവുന്ന ഊര്‍ജങ്ങളിലേക്ക് മാറുകയെന്നതാണ് ആഗോളം താപനം കുറയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗമായി ഖത്തര്‍ വിലയിരുത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോക കപ്പിന് മുമ്പായി 10 ലക്ഷം മരങ്ങള്‍ വച്ച് പിടിപ്പിക്കുമെന്ന ഖത്തറിന്റെ പ്രഖ്യാപനവും പുതിയ പദ്ധതിയുടെ ഭാഗമാണ്. ഖത്തര്‍ ലോകകപ്പ് ഫിഫ ചരിത്രത്തിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ടൂര്‍ണമെന്റ് ആക്കാനാണ് പദ്ധതി. ആഗോള താപനം തടയുന്നതിനായി 2030ഓടെ ഒരു കോടി മരങ്ങള്‍ വച്ച് പിടിപ്പിക്കാനും ഖത്തറിന് പദ്ധതിയുണ്ട്.
സൗദി അറേബ്യ പ്രഖ്യാപിച്ച മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഖത്തറിന്റെ ഈ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന ഗ്രീന്‍ ഇനീഷ്യേറ്റീവ് ഉച്ചകോടിയില്‍ ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി എന്‍ജിനീയര്‍ സഅദ് ബിന്‍ ഷെരീദ അല്‍ കഅബിയാണ് പ്രഖ്യാപനം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല