1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ട് ടൈം ജോലി സംവിധാനം അനുവദിക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രദ്ധേയമായ ഈ തീരുമാനം കൈക്കൊണ്ടത്.

കുടുംബ ജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതത്വം നിലനിര്‍ത്താന്‍ ജീവനക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി സഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കാബിനറ്റ് കാര്യങ്ങള്‍ക്കായുള്ള ആക്ടിംഗ് മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഈ അറിയിച്ചു.

രാവിലെ മുതല്‍ വൈകിട്ട് വരെ ഓഫീസുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ മക്കളെയും മാതാപിതാക്കളെയും പരിപാലിക്കുക പ്രയാസകരമാവുന്ന സാഹചര്യങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് മന്ത്രി സഭാ യോഗത്തിന്റെ വിലയിരുത്തല്‍. പ്രധാനമായും വനിതാ ജീവനക്കാരെ ലക്ഷ്യമിട്ടാണ് മന്ത്രിസഭാ യോഗം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ചെറിയ കുട്ടികള്‍ വീട്ടിലുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാവുന്ന തീരുമാനമാണിത്. വീട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച ചിന്തയോ അലട്ടലോ ഇല്ലാതെ സമാധാനത്തോടെ ജോലി ചെയ്യാന്‍ ഇത് വഴിയൊരുക്കും എന്നതിനാല്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി. തങ്ങളുടെ ജീവിത സാഹചര്യം അനുസരിച്ച് ജോലി സമയത്തില്‍ മാറ്റം വരുത്താന്‍ ഖത്തരി ജീവനക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് പാര്‍ട്ട് ടൈം ജോലി സമ്പ്രദായം.

ഇതു പ്രകാരം ആഴ്ചയിലെ ജോലി സമയം പകുതിയായി കുറയും. അതേസമയം, ദിവസേനയുള്ള ജോലി സമയത്തിന്റെ പകുതിയില്‍ കുറയാത്ത സമയം ജോലി ചെയ്യണം. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പുതിയ സമ്പ്രദായം നടപ്പിലാക്കും. ഈ സമ്പ്രദായത്തിലേക്ക് മാറാന്‍ താല്‍പര്യമുള്ള ജീവനക്കാര്‍ ബന്ധപ്പെട്ട മേലധികാരികള്‍ക്ക് ഇതിനായി അപേക്ഷ നല്‍കണം.

അപേക്ഷ സ്വീകരിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് ജോലി സമയം പകുതിയായി കുറയ്ക്കുന്ന പാര്‍ട് ടൈം സമ്പ്രദായത്തിലേക്ക് മാറാം. എന്നാല്‍ പുതിയ സമ്പ്രദായത്തിലേക്ക് മാറുന്നവരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ തീരുമാനം ആവാനിരിക്കുന്നതേയുള്ളൂ. പുതിയ തീരുമാനം സര്‍ക്കാര്‍ മേഖലയിലേക്ക് കൂടുതല്‍ വനിതാ ജീവനക്കാരെ ആകര്‍ഷിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.