1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ സർക്കാർ ഏജൻസികളുടെ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി രൂപീകരണത്തിനുള്ള കരട് മന്ത്രിസഭാ തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം.

സർക്കാർ സേവനങ്ങൾക്ക് പുതിയ ഫീസ് നിർണയിക്കുന്നതിനോ നിലവിലേത് ഭേദഗതി ചെയ്യുന്നതിനോ വേണ്ടി സർക്കാർ ഏജൻസികൾ സമർപ്പിച്ച ശുപാർശകളെക്കുറിച്ച് വിശദമായ പഠനം നടത്തുക, സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസിന്റെ മൂല്യനിർണയം നടത്തുക, സേവനങ്ങൾക്ക് അനുയോജ്യമായ ഫീസ് ആണോ ചുമത്തുന്നതെന്ന് പരിശോധിക്കുക, ഫീസ് ചുമത്തുക അനിവാര്യമാണോ എന്ന് ഉറപ്പാക്കുക എന്നിവയാണ് ടെക്‌നിക്കൽ കമ്മിറ്റിയുടെ പ്രധാന ചുമതലകൾ.

ഫീസ് ഈടാക്കാൻ ലക്ഷ്യമിടുന്ന വിഭാഗങ്ങളുടെ സാമ്പത്തിക അവസ്ഥ നോക്കി ഫീസിൽ ആവശ്യമായ മാറ്റം വരുത്തുന്ന സാഹചര്യങ്ങളും പണപ്പെരുപ്പം ഫീസിനെ എങ്ങനെ ബാധിക്കുമെന്നും കമ്മറ്റി പഠിക്കും. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കമ്മിറ്റി രൂപീകരണത്തിന് അനുമതിയായത്.

പൊതുജനങ്ങൾക്കുള്ള സർക്കാർ സേവനങ്ങളുടെ ഫീസ് ഉയർത്തുന്ന കാര്യങ്ങൾ ആലോചനയിലാണെന്ന് പൊതുബജറ്റ് അവതരിപ്പിക്കവെ കഴിഞ്ഞ ഡിസംബറിൽ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽഖുവാരി വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.