1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2022

സ്വന്തം ലേഖകൻ: മെഡിക്കൽ റിപ്പോർട്ടുകളുടെ പകർപ്പിനായി ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) നിർദേശം. എച്ച്എംസിയുടെ എല്ലാ ആശുപത്രികളിലും നിലവിൽ ഈ സേവനം ലഭിക്കും.

ഓൺലൈനിൽ അപേക്ഷ നൽകിയാൽ റിപ്പോർട്ടിന്റെ പകർപ്പ് ഖത്തർ പോസ്റ്റ് മുഖേന രോഗിയുടെ മേൽവിലാസത്തിൽ എത്തുമെന്ന് മീഡിയ റിലേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ നായിഫ് അൽ ഷമ്മാരി വ്യക്തമാക്കി. രോഗിക്ക് നേരിട്ടോ അല്ലെങ്കിൽ പ്രതിനിധി മുഖേനയോ അപേക്ഷ നൽകാം. അപേക്ഷ നൽകുന്ന വ്യക്തിക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം.

അപേക്ഷ നൽകുമ്പോൾ വെരിഫിക്കേഷനു വേണ്ടി മൊബൈൽ നമ്പറിലേക്കാണ് ഒടിപി പിൻ നമ്പർ എത്തുക എന്നതിനാൽ മൊബൈൽ നമ്പർ ഹെൽത്ത് കാർഡിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. എച്ച്എംസിയുടെ വെബ്‌സൈറ്റിൽ പ്രവേശിച്ച് മെഡിക്കൽ റിപ്പോർട്ട് പേജ് തിരഞ്ഞെടുത്ത ശേഷം ആവശ്യപ്പെടുന്ന വിവരങ്ങൾ സഹിതം അപേക്ഷ നൽകണം. അപേക്ഷക്കൊപ്പം ഖത്തർ ഐഡി, ഹെൽത്ത് കാർഡ് നമ്പർ, ഇ-മെയിൽ വിലാസം എന്നിവയും നൽകണം.

റിപ്പോർട്ടിനായി നിശ്ചിത ഫീസ് അടയ്ക്കണം. അപേക്ഷ നൽകുമ്പോൾ തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫീസ് അടയ്ക്കാം. റിപ്പോർട്ടിന്റെ ശരിപകർപ്പ് മേൽവിലാസത്തിൽ ലഭിക്കണമെങ്കിൽ അപേക്ഷ നൽകുമ്പോൾ അതിനുള്ള ഓപ്ഷൻ കൂടി തിരഞ്ഞെടുക്കണം. തപാലിൽ ലഭിക്കാൻ ചെറിയ തുകയും അടയ്ക്കണം. വനിതാ വെൽനസ് ആൻഡ് റിസർച്സെന്ററിലെ രണ്ടാം നിലയിലെ ഓഫിസിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 3.00 വരെയുള്ള സമയങ്ങളിൽ നേരിട്ടെത്തിയും വാങ്ങാം.

മെഡിക്കൽ റിപ്പോർട്ടിന്റെ നടപടിക്രമങ്ങൾക്ക് 14 ദിവസം വരെ എടുക്കും. ലബോറട്ടറി, പരിശോധനാ റിപ്പോർട്ടുകൾ എടുക്കാൻ ഏകദേശം 3 പ്രവൃത്തി ദിനങ്ങൾ വേണ്ടി വരും. മെഡിക്കൽ റിപ്പോർട്ടുകളുടെ ഓൺലൈൻ സേവനം സംബന്ധിച്ച അന്വേഷണങ്ങൾക്ക് 4025 1563, 4025 1564, 4025 1566 (ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 3.00 വരെ) എന്നീ നമ്പറുകളിലോ അല്ലെങ്കിൽ 16060 എന്ന നെസ്മാക് കസ്റ്റമർ സർവീസ് ഹെൽപ്ഡസ്‌ക് നമ്പറിലോ അല്ലെങ്കിൽ releaseofinformation@hamad.qa എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. നവംബറിലാണ് എച്ച്എംസിയുടെ മെഡിക്കൽ റിപ്പോർട്ട് ഓൺലൈൻ സേവനം തുടങ്ങിയത്.

നേരത്തെ രോഗിയോ പ്രതിനിധിയോ ആശുപത്രിയിലെത്തി മെഡിക്കൽ റിപ്പോർട്ടിനായി അപേക്ഷ നൽകി പണം അടച്ച ശേഷം റിപ്പോർട്ട് ശേഖരിക്കാനായി മറ്റൊരു ദിവസം വീണ്ടും എത്തേണ്ടിയിരുന്നു. ഓൺലൈൻ സേവനം കൂടുതൽ സൗകര്യപ്രദമാകുമെന്ന പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് ഓൺലൈൻ സേവനം തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.