
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള എയർബബ്ൾ കരാർ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ.നിബന്ധനകൾക്ക് വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും ഖത്തർ എയർവേസിനും ഇരുരാജ്യങ്ങളിലേക്കും സർവീസ് നടത്താനുള്ള എയർബബ്ൾ കരാർ ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ് ഒപ്പുവെച്ചിരിക്കുന്നത്. ആഗസ്റ്റ് 18നാണ് ഉത്തരവ് പ്രാബല്യത്തിലാവുന്നത്.
പ്രതിവാര വിമാനസർവീസുകളായിരിക്കും ഇതുപ്രകാരം നടത്തുക. അതത് സംസ്ഥാനങ്ങളുടെ അനുമതിയോടെയാകണമിത്. മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർ എയർവേസും തമ്മിൽ പങ്കുവെച്ചായിരിക്കും സർവീസ്. ഖത്തർ വീസയുള്ള ഏത് ഇന്ത്യക്കാരനും ഖത്തറിലേക്ക് മടങ്ങിയെത്താനുള്ള അവസരമാണ് കരാറിലൂടെ കൈവന്നിരിക്കുന്നത്. ഖത്തരി പൗരന്മാർക്കും യാത്രചെയ്യാം. ഖത്തറിലേക്ക് മാത്രമുള്ളവരാകണം യാത്രക്കാർ. കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഇരുരാജ്യങ്ങളിലേക്കുമുള്ള വിമാനടിക്കറ്റ് ബുക്കിങ്ങിന് നേരത്തേ അനുമതിയും നൽകിയിരുന്നു.
ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. എന്നാൽ, മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ആഗസ്റ്റ് 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടക്കം അനിശ്ചിതത്വത്തിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക കരാർ ഉണ്ടാക്കണമെന്ന് ശക്തമായ ആവശ്യങ്ങൾ ഉയർന്നിരുന്നു.
മടക്കം വൈകുന്നതോടെ ഖത്തറിലെ തൊഴിൽമേഖലയിലടക്കം ഇന്ത്യക്കാർക്കുണ്ടാക്കുന്ന തിരിച്ചടികളും പ്രശ്നങ്ങളും സംബന്ധിച്ച് ‘ഗൾഫ്മാധ്യമം’ തുടർവാർത്തകൾ നൽകിയിരുന്നു.ഇതിനെ തുടർന്ന് വിവിധ പ്രവാസിസംഘടനകൾ സംയുക്തയോഗം ചേർന്ന് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എയർബബ്ൾ കരാർ ആയതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഏറെ ആശ്വാസമാണ്.
കരാർ പ്രകാരം വന്ദേഭാരത് മിഷൻ വഴിയും ഇന്ത്യക്കാരെ ഖത്തറിൽ തിരിച്ചെത്തിക്കാനുള്ള വിമാനങ്ങൾക്കും സാഹചര്യമൊരുങ്ങി. ഇന്ത്യക്കാരടക്കം വിദേശികൾക്ക് ഖത്തറിൽ തിരിച്ചെത്താൻ റീ എൻട്രി പെർമിറ്റ് എടുക്കണം.https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. വീസ കാലാവധി കഴിഞ്ഞവർക്കുള്ള ഫീസ് ഖത്തർ ഒഴിവാക്കി.
ഖത്തർ സർവീസുകൾ നടത്താൻ തങ്ങൾ സജ്ജമാണെന്ന് ഇൻഡിഗോ അറിയിച്ചു. https://bit.ly/2PXWd6O എന്ന ലിങ്കിൽ യാത്രയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അറിയാം. എയർഇന്ത്യയും സർവീസുകൾ പ്രഖ്യാപിച്ച് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഷെഡ്യൂൾ താഴെ പറയും പ്രകാരമാണ്.
ആഗസ്റ്റ് 20: കൊച്ചിയിൽ നിന്നും ദോഹയിലേക്ക്. രാവിലെ ഒമ്പത്., ആഗസ്റ്റ് 21: കോഴിക്കോട് ദോഹ. രാവിലെ 8.30., 22ന് തിരുച്ചിറപ്പള്ളിയിൽ നിന്ന് ദോഹയിലേക്ക്: രാവിെല 11.20, 23ന് മുംബൈയിൽ നിന്ന് ദോഹയിലേക്ക്: രാവിലെ 11ന്, 25ന് മുംബൈയിൽ നിന്ന് േദാഹയിലേക്ക്: രാവിലെ 11ന്, 26ന് ഡൽഹി -ദോഹ: രാവിെല എട്ട്, അമൃത്സർ-ദോഹ: വൈകുന്നേരം 5.20, കണ്ണൂർ -ദോഹ: രാവിലെ 11.35., ആഗസ്റ്റ് 27ന് കൊച്ചി-ദോഹ: രാവിലെ ഒമ്പത്., ആഗസ്റ്റ് 28ന് ചെെന്നെ-ദോഹ: രാവിലെ 10.20., 29ന് കോഴിക്കോട് -ദോഹ: രാവിലെ 8.30, ആഗസ്റ്റ് 30ന് കൊച്ചി -ദോഹ: രാവിലെ ഒമ്പത്, മുംബൈ -ദോഹ: രാവിലെ 11ന്, തിരുച്ചിറപ്പള്ളി- ദോഹ: ഉച്ചക്ക് 12 മണി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല