
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇന്ത്യയിലെ സർക്കാർ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കോവിഡ് മുക്തരോ വാക്‌സീൻ എടുത്തവരോ എടുക്കാത്തവരോ ആണെങ്കിലും എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതേസമയം കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞവരാണെങ്കിൽ ദോഹയിലെത്തുമ്പോൾ ക്വാറന്റീൻ ആവശ്യമില്ല.
ഇന്ത്യയിലെ കോവിഷീൽഡ് വാക്‌സീൻ എടുത്തവരാണെങ്കിലും രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞാണ് ദോഹയിലെത്തുന്നതെങ്കിൽ ക്വാറന്റീൻ ഇളവു ലഭിക്കും. വാക്‌സീൻ എടുത്തവർക്ക് ആറുമാസം വരെയാണ് ഇളവ്. ആറുമാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയവരാണെങ്കിലും ക്വാറന്റീനിൽ ഇളവു കിട്ടും. കോവിഡ് പോസിറ്റീവായതിന്റെ ആദ്യ പരിശോധനാ ഫലം വന്ന തീയതി മുതൽ ആറു മാസത്തേക്കാണ് ഇവർക്ക് ഇളവ് ലഭിക്കുക.
വാക്‌സീൻ എടുക്കാത്തവരാണെങ്കിൽ ദോഹയിലെത്തി സ്വന്തം ചെലവിൽ ഏഴു ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണം. കഴിഞ്ഞ ദിവസമാണ് ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പുതുക്കിയ യാത്രാ, പ്രവേശന വ്യവസ്ഥകൾ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല