1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2023

സ്വന്തം ലേഖകൻ: സ്വന്തം പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ ഭരണകൂടം ആവിഷ്‌ക്കരിച്ച സ്വദേശിവല്‍ക്കരണ പദ്ധതികള്‍ വിജയം കാണുന്നതായി കണക്കുകള്‍. ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ല്‍ മാത്രം ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളിലായി 7127 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി തൊഴില്‍, സിവില്‍ സര്‍വീസ് മന്ത്രാലയവും സര്‍ക്കാര്‍ വികസന ബ്യൂറോയും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി.

തൊഴില്‍ മേഖലകളിലെ സ്ത്രീ-പുരുഷ നിയമന അനുപാതം, രാജ്യത്തെ ഏറ്റവും ഡിമാന്‍ഡുള്ള തൊഴില്‍ മേഖലകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ട്. പൊതുമേഖലയിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി സൃഷ്ടിക്കപ്പെട്ടത്. ഈ മേഖലയില്‍ 5000-ത്തിലധികം പൗരന്മാരെ നിയമിച്ചതായി കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തൊഴില്‍ മേഖലയില്‍ വനിതാ അനുപാതം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പുതിയ നിയമനങ്ങളില്‍ 69 ശതമാനവും സ്ത്രീകളാണ്.

സര്‍ക്കാര്‍ മേഖലയില്‍, പ്രാഥമിക ആരോഗ്യ സംരക്ഷണ സഹകരണം, ഔഖാഫ്, ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ സ്വദേശികള്‍ നിയമിതരായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കിയത് മുനിസിപ്പാലിറ്റി മന്ത്രാലയം, സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് എന്നിവയാണ്.

2022ല്‍ സ്വകാര്യ മേഖലയില്‍ 1850 ഖത്തര്‍ പൗരന്മാരെയാണ് നിയമിതരായത്. സ്വകാര്യ മേഖലയിലെ പുതിയ നിയമനങ്ങളില്‍ 52 ശതമാനം പുരുഷ ജീവനക്കാരും 48 ശതമാനം സ്ത്രീ ഉദ്യോഗാര്‍ഥികളുമായിരുന്നു. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത് ബിസിനസ് മാനേജ്മെന്റ്, എന്‍ജിനീയറിംഗ്, അക്കൗണ്ടിംഗ് എന്നീ മേഖലകളിലായിരുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്വകാര്യ മേഖലയില്‍ ഖത്തര്‍ പൗരന്‍മാരെ ഏറ്റവും കൂടുതല്‍ നിയമിച്ചത് സാമ്പത്തിക, ഇന്‍ഷൂറന്‍സ് മേഖലകളിലും, തൊട്ടു പിന്നാലെ ഊര്‍ജ, വ്യവസായ മേഖലകളിലുമാണ്. ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ എനര്‍ജി, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ എയര്‍വേയ്സ്, ഉരീദു എന്നിവയാണ് ഏറ്റവും കൂടുതല്‍ നിയമനം നല്‍കിയ സ്വകാര്യ സ്ഥാപനങ്ങള്‍.

2022ല്‍ നാഷണല്‍ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോമായ കവാദറില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതായി അധികൃതര്‍ അറിയിച്ചു. ജോലി അന്വേഷിക്കുന്ന ഖത്തരികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി വലിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇതുവഴി സാധിച്ചു. സ്വകാര്യ മേഖലകളിലെ സ്വദേശി പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.