1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2016

സ്വന്തം ലേഖകന്‍: ഖത്തറില്‍ എത്തുന്ന പ്രവാസികളില്‍ വൃക്കരോഗം കണ്ടെത്തിയാല്‍ മടക്കി അയക്കാന്‍ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനം. പുതിയ വിസയില്‍ വരുന്നവര്‍ക്കുള്ള ആരോഗ്യ പരിശോധനയില്‍ വൃക്കരോഗങ്ങള്‍ ഉള്‍പ്പെടുത്തിയതോടെയാണിത്. പുതുതായി എത്തുന്ന പ്രവാസികളില്‍ വൃക്ക രോഗം കണ്ടെത്തുന്നവരെ റസിഡന്‍സ് പെര്‍മിറ്റ് നല്‍കാതെ തിരിച്ചയക്കും.

ഡയാലിസിസ് ആവശ്യമാകുന്ന വൃക്ക തകരാറുകള്‍ രാജ്യത്ത് വര്‍ധിക്കുന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ പരിശോധന ഉള്‍പ്പെടുത്താനുള്ള തീരുമാനം. വൈദ്യ പരിശോധനയില്‍ ക്ഷയം, ഹെപറ്റൈറ്റിസ് സി (കരള്‍രോഗം) എന്നിവ ഏതെങ്കിലും രോഗം ഉള്ളതായി സംശയം തോന്നിയാല്‍ സ്‌പോണ്‍സറെ അറിയിക്കും. തുടര്‍പരിശോധനയുടെ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കായിരിക്കും.

സിഫിലിസ് പരിശോധനയും കൂട്ടിച്ചേര്‍ത്തതായി സുപ്രീം ആരോഗ്യ കൌണ്‍സില്‍ അറിയിച്ചു. സിഫിലിസ് പോസിറ്റീവ് ആണെന്ന് കണ്ടാല്‍ പ്രവാസിയെ തിരിച്ചയക്കും. നിലവില്‍ റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുന്നതിന് മുമ്പ് എയ്ഡ്‌സ്, ക്ഷയം, ഹെപറ്റൈറ്റിസ് ബി, സി എന്നീ പരിശോധനകളാണ് നടത്തുന്നത്.

എന്നാല്‍ പകര്‍ച്ചവ്യാധി അല്ലാത്ത ഒരു രോഗം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യമാണ്. ഇന്ത്യ, ഈജിപ്ത്, നേപ്പാള്‍, ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള പത്ത് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഖത്തറില്‍ വൈദ്യ പരിശോധനക്ക് വിധേയമാകും മുന്‍പ് സ്വന്തം രാജ്യത്ത് തന്നെ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് നിയമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.