1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2021

സ്വന്തം ലേഖകൻ: ഖത്തറില്‍ നിന്ന് കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഓഗസ്ത് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് അധിക സര്‍വീസുകള്‍ നടത്തുക. കൊച്ചിക്കു പുറമേ മുംബൈ, ഹൈദരാബാദ് നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ നടത്തുക.

മൂന്ന് നഗരങ്ങളിലേക്കും ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണ വീതമെങ്കിലും സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് ഉടന്‍ തന്നെ ആരംഭിക്കും. അതേസമയം, ഓരോ സ്ഥലത്തെയും കൊവിഡ് നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും എന്തൊക്കെയാണെന്ന് മനസ്സിലാക്കി അതിന് അനുസരിച്ച നടപടിക്രമങ്ങള്‍ പാലിക്കേണ്ടത് യാത്രക്കാരുടെ ഉത്തരവാദിത്തമാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം യാത്ര മുടങ്ങിയാല്‍ എയര്‍ ഇന്ത്യ ഉത്തരവാദിയല്ലെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ദോഹ-കൊച്ചി സര്‍വീസ് ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൊച്ചി-ദോഹ സര്‍വീസ് ബുധന്‍, വെള്ളി ദിവസങ്ങളിലുമാണ് നടത്തുക. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍.

ദോഹയില്‍ നിന്ന് മുംബൈയിലേക്ക് ബുധന്‍, വെള്ളി ദിവസങ്ങളില്‍ സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ വെബ്സൈറ്റ് വ്യക്തമാക്കി. അതേസമയം, മുബൈയില്‍ നിന്ന് ദോഹയിലേക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി എന്നീ അഞ്ച് ദിവസങ്ങളിലും സര്‍വീസ് ഉണ്ടാവും. നിലവില്‍ മൂന്നിടങ്ങളിലേക്കും വണ്‍വേ ടിക്കറ്റിന് 450 ഖത്തര്‍ റിയാല്‍ മുതലാണ് നിരക്ക്. നിലവില്‍ തലസ്ഥാന നഗരമായ ന്യൂഡല്‍ഹിയിലേക്കും അമൃത്സറിലേക്കും മാത്രമാണ് എയര്‍ ഇന്ത്യ ഖത്തറില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.