
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് വരുമ്പോൾ സ്വന്തം ആവശ്യത്തിന് മരുന്നുകൾ കൊണ്ട് വരുന്നതിന് താഴെപ്പറയുന്ന കാര്യങ്ങൾ പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര വകുപ്പ് മന്ത്രാലയം നടത്തിയ ” Risk of using Drugs and Method of Prevention” എന്ന സെമിനാറിൽ വ്യക്തമാക്കി. മരുന്നുകൾക്ക് കൂടെ രോഗിയെ ചികിൽസിക്കുന്ന ആശുപത്രിയിൽ നിന്നുള്ള വിശദമായ അറ്റസ്റ്റ് ചെയ്ത മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം.
പ്രസ്തുത റിപ്പോർട്ടിൽ താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തണം. രോഗിയുടെ വ്യകതിപരമായ വിവരങ്ങൾ പേരും വിലാസവും തങ്ങളുടെ പാസ്പോർട്ടിലുള്ളത് പോലെയാവാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മരുന്നുകൾ കൊണ്ടുവരാൻ പറ്റില്ല. രോഗ നിർണ്ണയം. മരുന്നു കഴിക്കേണ്ടത് എത്ര കാലത്തേക്കാണ് ചികിൽസ വേണ്ടെതെന്നും വ്യക്തമാക്കണം. ഡോക്ടറുടെ കുറിപ്പടിയുെ മരുന്നുകളുടെ ശാസ്ത്രീയ നാമവും ഉണ്ടായിരിക്കണം.
ഈ റിപ്പോർട്ട് തയ്യാറാക്കിയത് ആറ് മാസത്തിനുള്ളിലായിരിക്കണം. (പരമാവധി ആറ് മാസത്തെ മരുന്ന് മാത്രമേ കൊണ്ട് വരാൻ പാടുള്ളൂ. ഉദാ:- റിപ്പോർട്ട് തിയ്യതി 1-1-2022 ഉം മരുന്നുമായി വരുന്നത് ഫെബ്രുവരി ഒന്നിനാണെങ്കിൽ അഞ്ച് മാസ കാലയളവിലുള്ള മരുന്ന് മാത്രമേ കൊണ്ട് വരാൻ സാധിക്കുകയുള്ളൂ) മരുന്നുകൾ കൊണ്ടു വരുന്നത് സ്വന്തം ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഒരു തരത്തിലുള്ള കൈമാറ്റവും നടത്താൻ പാടില്ല.
ഈ കാര്യങ്ങൾ വ്യക്തമാക്കി ഖത്തർ എയർപോർട്ടിൽ നിന്ന് ലഭിക്കുന്ന സത്യപ്രസ്താവനയിൽ ഒപ്പ് വെക്കേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാൽ മറ്റൊരാൾ ഇത്തരം മരുന്നുകൾ ഉപയോഗിക്കുകയോ ഉപയോഗിച്ചത് മൂലം വല്ല പ്രയാസവും ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം മരുന്ന് കൊണ്ടു വന്നയാളിൽ നിക്ഷിപ്തമായിരിക്കുകയും മയക്ക് മരുന്ന് കടത്തിയതായി കണക്കാക്കി നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്യും.
സ്വന്തം ആവശ്യത്തിനല്ലാതെ, മറ്റൊരാൾക്ക് വേണ്ടി മരുന്നുകൾ കൊണ്ടുവരാതിരിക്കുക. അങ്ങിനെ കൊണ്ടുവരുമ്പോൾ നിരോധിത മരുന്നുകളോ മറ്റോ ഉണ്ടെങ്കിൽ ആർക്ക് വേണ്ടിയാണ് കൊണ്ട് വന്നതെന്ന് തെളിയിക്കാനും മറ്റും വലിയ പ്രയാസമായിരിക്കയും കൊണ്ടു വരുന്ന ആൾ ഉത്തരവാദിയും നിയമനടപടികൾക്ക് വിധേയമാവുകയും ചെയ്യും.
നാട്ടിൽ നിന്നും കൊണ്ടുവരുന്ന മരുന്നിനേക്കാൾ ഗുണനിലവാരമുള്ളവ ഇവിടെത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിൽ നിന്നും വളരെ കുറഞ്ഞ ചിലവിൽ ലഭ്യമാണെന്നിരിക്കെ, കഴിവതും ഇവിടുത്തെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. ഖത്തർ സർക്കാറിന്റെ നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും വിയേധമായിരിക്കട്ടെ ഈ രംഗത്തെ നമ്മുടെ പ്രവർത്തനങ്ങൾ. ഈ രാജ്യത്തിന്റെ സുരക്ഷ നാം ഓരോരുത്തരുടെയും കൂട്ടുത്തരവാദിത്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല