
സ്വന്തം ലേഖകൻ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെത്രാഷ് 2ല്‍ പേരും മറ്റ് വിവരങ്ങളും മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകള്‍ പൂര്‍ത്തിയായതായും സേവനം ഉടന്‍ ലഭ്യമാവുമെന്നും ഫസ്റ്റ് ലഫ്റ്റനന്റ് അലി അല്‍ ഇദ്രൂസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സേവനങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ജനറല്‍ ഡയറക്ടറേറ്റ് സംഘടിപ്പിച്ച വെബിനാറിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
നിലവില്‍ റെസിഡന്‍സി പുതുക്കല്‍, വിസാ കാലാവവധി നീട്ടല്‍, ട്രാഫിക് പിഴ അടക്കല്‍, വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍, വാഹന ഉടമസ്ഥത കൈമാറല്‍, ദേശീയ മേല്‍വിലാസം ചേര്‍ക്കുകയോ പുതുക്കുകയോ ചെയ്യല്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് മെത്രാഷ്-2 ആപ്പ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക്, സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ മെത്രാഷ് 2 ആപ്പ് വഴി റിപോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ഉടന്‍ ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ആപ്പിലെ കോണ്‍ടാക്റ്റ് അസ് എന്ന കാറ്റഗറി വഴിയാണ് പരാതി നല്‍കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ അറിയിച്ചാല്‍ ബന്ധപ്പെട്ട അധികൃതര്‍ വ്യക്തിയെ വിളിക്കും.
ഒരാള്‍ ഖത്തര്‍ ഐഡി, റെസിഡന്‍സ് പെര്‍മിറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ കൈവശം വയ്ക്കാന്‍ മറന്നുപോയാല്‍ ഇ വാലറ്റ് സംവിധാനം സഹായത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു. പകരം ഇ വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ഈ രേഖകളുടെ സോഫ്റ്റ് കോപ്പി കൈമാറിയാല്‍ മതി. തുടക്കത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്കാണ് ഇ വാലറ്റിലെ രേഖകള്‍ പരിഗണിക്കുക.
താമസിയാതെ മറ്റ് മന്ത്രാലയങ്ങളുടെ സേവനങ്ങളുമായും ഇ വാലറ്റിനെ ബന്ധിപ്പിക്കും. ഈ വാലറ്റില്‍ നിന്ന് ഈ രേഖകള്‍ വാട്ട്‌സ്ആപ്പ്, ഇമെയില്‍ തുടങ്ങിയവയിലേക്ക് ഷെയര്‍ ചെയ്യാനുള്ള സംവിധാനവും ആപ്പിലുണ്ട്. കഴിഞ്ഞ വര്‍ഷം മെത്രാഷ് ആപ്പിന്റെ ഉപയോഗത്തില്‍ വലിയ വര്‍ധനവമാണ് ഉണ്ടായത്. 2019 30ലേറെ ലക്ഷം ഇടപാടുകളായിരുന്നു ആപ്പ് വഴി നടന്നിരുന്നതെങ്കില്‍ 2020ല്‍ അത് 60 ലക്ഷമായി ഉയര്‍ന്നു.
നിലവില്‍ 220 ആക്ടീവ് സേവനങ്ങളാണ് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായി മെത്രാഷ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉര്‍ദു, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളില്‍ ആപ്പ് ലഭ്യമാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന ഖത്തര്‍ ഭരണകൂടത്തിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. വെബിനാറില്‍ വിവിധ മേഖലകളില്‍ നിന്നുള്ള സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 400ലേറെ പേര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല