
സ്വന്തം ലേഖകൻ: ന്‍കിട പദ്ധതികള്‍ക്ക് 7,210 കോടി റിയാല്‍ അനുവദിച്ചു കൊണ്ടുള്ള ഖത്തറിന്റെ 2021ലെ പൊതു ബജറ്റിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അംഗീകാരം. 19,470 കോടി റിയാലിന്റെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ 16,010 കോടി റിയാലാണ് വരുമാനം കണക്കാക്കുന്നത്.
എണ്ണവില ബാരലിന് 40 ഡോളര്‍ അടിസ്ഥാനമാക്കിയാണ് പൊതു ബജറ്റ്. എണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ പ്രത്യാഘാതങ്ങള്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാത്ത തരത്തിലാണ് ബജറ്റ്. 3,460 കോടി റിയാലിന്റെ കമ്മി ബജറ്റാണ് 2021 ലേത്. കരുതല്‍ ധനശേഖരം ഉപയോഗിച്ച് കമ്മി നികത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രാദേശിക, വിദേശ കടപ്പത്രങ്ങളെ ആശ്രയിക്കുമെന്നും ധനമന്ത്രി അലി ഷരീഫ് അല്‍ ഇമാദി വ്യക്തമാക്കി. എണ്ണവില ബാരലിന് 55 ഡോളര്‍ അടിസ്ഥാനപ്പെടുത്തി 21,050 കോടി റിയാല്‍ ചെലവും 21,100 കോടി റിയാല്‍ വരുമാനവും കണക്കാക്കിയുള്ളതാണ് നടപ്പുവര്‍ഷത്തെ ബജറ്റ്.
വന്‍കിട പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്ന 7,210 കോടി റിയാലില്‍ 2022 ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ കൂടാതെ പുതിയ പദ്ധതികള്‍, വിവിധ മേഖലയില്‍ പുരോഗമിക്കുന്ന വികസന പദ്ധതികള്‍ എന്നിവയ്ക്കുള്ള തുകയും ഉള്‍പ്പെടും. പൗരന്മാര്ക്കുള്ള ഭൂമിയും അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള തുകയും കൂടാതെയാണിത്.
വിദ്യാഭ്യാസ മേഖലയ്ക്കായി അനുവദിച്ചിരിക്കുന്ന 1,740 കോടി റിയാലില്‍ സ്കൂളുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസനവും വിപുലീകരണവും ഉള്‍പ്പെടുന്നു. ആരോഗ്യ മേഖലയില്‍ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ വിപുലീകരണത്തിനും പ്രധാന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും ഉള്‍പ്പെടെ 1,650 കോടി റിയാലാണ് വകയിരുത്തിയത്.
ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. 1966 വരെ ഗൾഫ് രൂപ എന്ന രൂപത്തിൽ ഇന്ത്യൻ രൂപയായിരുന്നു ഖത്തറിൽ ഉപയോഗിച്ചിരുന്നത്. 1966ൽ ഇന്ത്യ രൂപയുടെ മൂല്യം കുറച്ചതോടെ മറ്റ് ഗൾഫ് രാഷ്ട്രങ്ങൾക്കൊപ്പം പുതിയ കറൻസിയിലേക്ക് മാറാൻ ഖത്തർ തീരുമാനിക്കുകയായിരുന്നു.1973ൽ ഖത്തരി റിയാലിന് തുടക്കം കുറിച്ചു. 1, 5, 10, 100, 500 എന്നീ കറൻസികളായിരുന്നു ഖത്തർ ആദ്യമായി പുറത്തിറക്കിയത്.
50 റിയാലിൻെറ കറൻസി ഇക്കൂട്ടത്തിൽ ഇറക്കിയിരുന്നില്ല. 500 റിയാലിൻെറ നാലാം പതിപ്പിലാണ് ഫാൽക്കൺ പക്ഷിയുടെ തലയുടെ ചിത്രവും ദോഹയിലെ ഖത്തർ റോയൽ പാലസും ചേർത്ത് നീലയും ചാരവും കലർന്ന പുതിയ കറൻസി പുറത്തിറക്കിയത്. നാലാം പതിപ്പിൽ നിരവധി സുരക്ഷ ഘടകങ്ങളും ഉൾപ്പെടുത്തി. ഫോയിൽ വിൻഡോയുള്ള നോട്ട് പുറത്തിറങ്ങിയതും ഈ സീരീസിലായിരുന്നു. പുതിയ നോട്ടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഞായറാഴ്ച നടക്കുന്ന വാർത്തസമ്മേളനത്തിൽ പുറത്തുവിടുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല